21 July, 2020 05:56:46 PM
പടച്ചുവിടുന്നത് വർണപ്പകിട്ടുള്ള നുണക്കഥ, താൻ രാഷ്ട്രീയ ബലിയാട്: ജാമ്യഹർജിയിൽ സ്വപ്ന
കൊച്ചി: സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ നേട്ടത്തിനായി തന്നെ ബലിയാടാക്കുകയാണെന്നു പ്രതി സ്വപ്ന സുരേഷ്. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിലാണ് ഈ അവകാശവാദം. കേസിൽ എൻഐഎയും കസ്റ്റംസും പടച്ചുവിടുന്നതു വർണപ്പകിട്ടുള്ള നുണക്കഥയാണെന്നും സ്വപ്ന പറയുന്നു.
കസ്റ്റംസിലെത്തിയ കാർഗോ വിട്ടുകിട്ടാൻ വൈകിയപ്പോൾ യുഎഇ കോണ്സുലേറ്റിലെ അറ്റാഷെ തന്നെ വിളിച്ച് ഇതേക്കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശിച്ചു. തുടർന്നാണ് ജൂണ് 30-ന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ രാമമൂർത്തിയെ വിളിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാലാണു കാർഗോ വൈകുന്നതെന്ന് കമ്മീഷണർ മറുപടി നൽകി. വിളിക്കുന്പോൾ കാർഗോയിൽ സ്വർണമുണ്ടെന്നു തനിക്ക് അറിയില്ലായിരുന്നുവെന്നും സ്വപ്ന ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്.
അറബി, ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ നാലു ഭാഷകൾ അറിയാവുന്നതുകൊണ്ടും വിദേശത്തെ ജോലി പരിചയമുള്ളതുകൊണ്ടുമാണ് യുഎഇ കോണ്സുലേറ്റ് ജനറലിന്റെ സെക്രട്ടറിയായി ജോലി ലഭിച്ചത്. ബാഗേജ് തന്റെ പേരിൽ ആയിരുന്നില്ല. താൻ ബാഗേജ് അയച്ചിട്ടുമില്ല. എന്നിട്ടും സാങ്കൽപ്പിക കഥയുടെയും ഉൗഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണു തനിക്കെതിരേ കേസ് കെട്ടിച്ചമച്ചതെന്നും സ്വപ്ന പറയുന്നു.
കേന്ദ്രസംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കത്തിലാണു കേസിൽ എൻഐഎ അന്വേഷണം വന്നത്. സ്വർണക്കടത്തുമായി ബന്ധമില്ലെന്നും ഇതിനായി പണം സമാഹരിച്ചതിനോ, സംവിധാനമൊരുക്കിയതിലോ പങ്കില്ല. കേസിൽ തനിക്കെതിരേ തീവ്രവാദ ബന്ധം ഉന്നയിക്കാനാകില്ലെന്നും ജാമ്യഹർജിയിൽ സ്വപ്ന ചൂണ്ടിക്കാട്ടുന്നു. ജാമ്യാപേക്ഷ 24-ന് പരിഗണിക്കും.