15 July, 2020 04:55:44 PM


അടിവസ്ത്രത്തിലും നാപ്കിനിലും വരെ സ്വർണ്ണം: നാല് സ്ത്രീകളടക്കം പിടിയില്‍



കോഴിക്കോട് : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 578 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം കൊളത്തൂർ സ്വദേശി അബൂബക്കർ സിദീഖ് (28) കസ്റ്റംസിന്റെ പിടിയിലായി. ഇൻഡക്ഷൻ കുക്കറിനുള്ളിൽ ഡിസ്ക് രൂപത്തിൽ ഒളിപ്പിച്ചാണ് സ്വർണംകടത്താൻ ശ്രമിച്ചത്.


സ്പൈസ്ജറ്റിന്റെ എസ്.ജി. 9611 ജിദ്ദ കരിപ്പൂർ വിമാനത്തിലാണ് ഇയാളെത്തിയത്. ബെൽറ്റ് എക്സ്റേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഇൻസ്പെക്ടർ പ്രമോദിന് സംശയംതോന്നി ഇൻഡക്ഷൻകുക്കർ തുറന്ന് പരിശോധിക്കുകയായിരുന്നു. ഡിസ്ക് രൂപത്തിൽ ഒളിച്ചുവെച്ച നിലയിലായിരുന്നു സ്വർണം. പിടികൂടിയ സ്വർണത്തിന് 28.5 ലക്ഷം രൂപ വിലവരും.


കസ്റ്റംസ് െഡപ്യൂട്ടി കമ്മീഷണർ ഡോ. എൻ.എസ്. രാജിയുടെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ എം. പ്രകാഷ്, ഗണപതി പോറ്റി, ഇൻസ്പെക്ടർമാരായ പ്രമോദ്, ശിവാനി, സന്ദീപ് ബിസ് ല എന്നിവർ അടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്. 

നാപ്കിനിലും അടിവസ്ത്രത്തിലുമായി ഒന്നരക്കിലോ സ്വർണം ചെന്നൈ സ്വദേശിനി സ്വപ്ന ബെനമായ, ഈറോഡ് സ്വദേശിനി പ്രിയാകുമാർ, തിരുവള്ളൂർ സ്വദേശിനി അകല്യ അൻപകലകം, വിശാഖപട്ടണം സ്വദേശിനി വിജയലക്ഷ്മി ദാർള, നാഗപട്ടണം സ്വദേശി മുഹമ്മദ് മാർവാൻ, ചെന്നൈ ടി.നഗർ സ്വദേശി ആന്റണി സത്യരാജ് എന്നിവരാണ് പിടിയിലായത്.


കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണക്കടത്താന്‍ ശ്രമിച്ച ആറ് പേരെ കസ്റ്റംസ് അധികൃതർ പിടികൂടിയിരുന്നു. കുഴമ്പുരൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിലും നാപ്കിനിലുമായി ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ഒന്നരക്കിലോ സ്വർണവുമാണ് പിടികൂടിയത്. 


തിങ്കളാഴ്ച രാത്രി ഒൻപതോടെ റാസൽഖൈമയിൽനിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരാണിവർ. തമിഴ്നാട്ടുകാരായ ഇവർ തിരുവനന്തപുരത്ത് വിമാനമിറങ്ങിയതിനെക്കുറിച്ച് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ എസ്.ബി.അനിൽ ചോദ്യംചെയ്തു. തുടർന്നാണ് അടിവസ്ത്രത്തിലെ നാപ്കിനിൽ ഒളിപ്പിച്ചിരുന്ന സ്വർണത്തെക്കുറിച്ച് സ്ത്രീകൾ വെളിപ്പെടുത്തിയത്. പുരുഷന്മാർ അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറയുണ്ടാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.


സ്വർണം പൊടിച്ച് തരികളാക്കി പ്രോട്ടീൻ പൗഡറും മറ്റു രാസവസ്തുക്കളുമായി കൂട്ടിയോജിപ്പിച്ചാണ് കുഴമ്പുരൂപത്തിലാക്കിയിരുന്നത്. രണ്ട് കിലോയോളമുണ്ടായിരുന്ന കുഴമ്പ് ഉരുക്കിയാണ് ഒന്നരക്കിലോ സ്വർണം വേർപെടുത്തിയെടുത്തതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. പിടികൂടിയ സ്വർണത്തിന് 75 ലക്ഷം രൂപ വില വരുമെന്നും അവർ അറിയിച്ചു. പിടിയിലായവർ ചെന്നൈ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘത്തിലെ കാരിയർമാരാണെന്ന് അസിസ്റ്റന്റ് കമ്മിഷണർ പറഞ്ഞു. ഇവരുടെ സംഘത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തും.


സൂപ്രണ്ടുമാരായ ജി.സുധീർ, ആർ.ബൈജു, പി.രാമചന്ദ്രൻ, യു.പുഷ്പ, രാജീവ് രഞ്ജൻ, ഇൻസ്പെക്ടർമാരായ ബാൽ മുകുന്ദ്, രാംകുമാർ സുധാങ്ഷു, ഹവിൽദാർ എസ്.ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പരിശോധിച്ച് സ്വർണം കണ്ടെടുത്തത്. ഇവരെ ജാമ്യം നൽകി വിട്ടയച്ചു. ഞായറാഴ്ച പുലർച്ചെ ദുബായിൽനിന്നെത്തിയ വിമാനത്തിലെ യാത്രക്കാരിൽനിന്നും സ്വർണം പിടികൂടിയിരുന്നു. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.7 കിലോ സ്വർണമാണ് തമിഴ്നാട് സ്വദേശികളിൽനിന്നു പിടികൂടിയത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K