15 July, 2020 12:54:34 PM
സ്വപ്നക്കായി ഫ്ലാറ്റ് ബുക്ക് ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നെന്ന് പറഞ്ഞ്
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് സരിത്തിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. കസ്റ്റംസ് കമ്മീഷണര്‍ സുനില്‍കുമാറാണ് ചോദ്യം ചെയ്യുന്നത്. സരിത്തിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്. അതിനിടെ, നാലാം പ്രതി സന്ദീപിന്‍റെ സഹോദരന്‍ സ്വരൂപിനെ എന്‍.ഐ.എ ചോദ്യം ചെയ്യും.
സന്ദീപിന്‍റെ ബിസിനസിലും സാമ്പത്തിക ഇടപാടുകളിലും സ്വരൂപിനും പങ്കാളിത്തമുണ്ടെന്ന വിവരം എന്‍.ഐ.എയ്ക്ക് ലഭിച്ചു. എന്‍.ഐ.എ ഓഫീസില്‍ എത്തിച്ചായിരിക്കും ചോദ്യം ചെയ്യല്‍. അതേസമയം, സ്വപ്‌നയുടെ ഭര്‍ത്താവ് ജയശങ്കറിനു വേണ്ടി സെക്രട്ടേറിയറ്റിനു സമീപമുള്ള ഹെദര്‍ ടവറില്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്തത് ശിവശങ്കറിനു കീഴിലുള്ള കരാര്‍ ജീവനക്കാരനായ 'അരുണ്‍' എന്ന കരാര്‍ ജീവനക്കാരാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ശിവശങ്കര്‍ കൈകാര്യം ചെയ്തിരുന്ന ഐ.ടി വകുപ്പിനു കീഴില്‍ 'അരുണ്‍' എന്ന പേരില്‍ രണ്ടു പേരുണ്ട്. ഒരാള്‍ സി-ഡിറ്റിലും. മറ്റേയാള്‍ ടെക്‌നോപാര്‍ക്കിലും. പ്രതിദിന വാടക നിരക്കില്‍ ഇവിടെ ഫ്‌ളറ്റുകള്‍ നല്‍കാറുണ്ട്.
ടെക്‌നോ പാര്‍ക്കിലെ ഉന്നത ജീവനക്കാരനായ അരുണ്‍ ബാലകൃഷ്ണന്‍ എന്നയാളാണ് ഫ്‌ളാറ്റ് ബുക്ക് ചെയ്യാന്‍ വിളിച്ചതെന്ന് ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വീട് മാറുന്ന കുടുംബത്തിന് കുറഞ്ഞ വാടകയ്ക്ക് മുറി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. ജയശങ്കര്‍ പറഞ്ഞിട്ടാണ് ഫ്‌ളാറ്റ് ബുക്ക് ചെയ്തത്. സുഹൃത്തിന് താമസിക്കാന്‍ മുറി വേണമെന്നാണ് ശിവശങ്കര്‍ പറഞ്ഞിരുന്നത്. മുറിയില്‍ ആദ്യം എത്തിയത് ജയശങ്കറാണെന്നും അരുണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പറഞ്ഞിട്ടാണെന്നും അറിയിച്ചാണ് ഫ്‌ളാറ്റ് കെയര്‍ ടേക്കര്‍ക്ക് ഫോണ്‍വിളി എത്തിയത്. ഈ സംഭാഷണം റെക്കോര്‍ഡ് ചെയ്ത കെയര്‍ ടേക്കര്‍ കസ്റ്റംസിനു കൈമാറി. എന്നാല്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്യാന്‍ ഇടപെട്ടുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ച ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേര് പറഞ്ഞ് ബുക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മൊഴി നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേരു പറഞ്ഞ് ബുക്ക് ചെയ്താല്‍ വിഷയം കൂടുതല്‍ ഗൗരവമുള്ളതാകും. പദവി ദുരുപയോഗം അടക്കമുള്ള കുറ്റങ്ങള്‍ നേരിടേണ്ടിയും വരും.