15 July, 2020 03:36:18 AM
9 മണിക്കൂർ: മാരത്തൺ ചോദ്യം ചെയ്യലിന് അവസാനം; ശിവശങ്കരനെ വിട്ടയച്ചു
തിരുവനന്തപുരം: സ്വർണ്ണകള്ളക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കർ ഐഎഎസിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒൻപത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പൂജപ്പുരയിലുള്ള വസതിയിലേക്കാണ് കസ്റ്റംസ് അദ്ദേഹത്തെ മടക്കി അയച്ചത്.
കേസിൽ ശിവശങ്കറിനെ പ്രതിചേർത്തേക്കുമെന്നും ഇതിനായി കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാൽ, പുലർച്ചെ 2.30ഓടെ അദ്ദേഹത്തെ പൂജപ്പുരയിലുള്ള വസതിയിലേക്ക് കസ്റ്റംസ് വാഹനത്തിൽ എത്തിക്കുകയായിരുന്നു.
തിരുവനന്തപുരത്തെ കസ്റ്റംസ് ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യലിൽ ശിവശങ്കർ നൽകിയ മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് സൂചന. കസ്റ്റംസ് കമ്മീഷണർ വീഡിയോ കോണ്ഫറൻസിലൂടെയാണ് ചോദ്യം ചെയ്യലിൽ പങ്കെടുത്തത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. കസ്റ്റംസ് ഉദ്യോസ്ഥഗസ്ഥർ വീട്ടിലെത്തിയതിന് പിന്നാലെ ചോദ്യം ചെയ്യലിനായി ശിവശങ്കർ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തെ കസ്റ്റംസ് ഓഫീസിൽ എത്തുകയായിരുന്നു.
സ്വർണ്ണക്കടത്തിന് ശിവശങ്കർ ഏതെങ്കിലും രീതിയിൽ സഹായം നൽകിട്ടുണ്ടോ? കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരുമായുള്ള ബന്ധമെന്താണ്? ഗൂഢാലോചനയിൽ പങ്കുണ്ടോ?, തുടങ്ങിയ വിവരങ്ങളാണ് ശിവശങ്കറിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ ശേഖരിച്ചതെന്നാണ് സൂചന.