14 July, 2020 04:48:35 PM
ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറന്‍റ്; ഇന്‍റര്‍പോളിന്‍റെ സഹായം തേടും
കൊച്ചി∙ സ്വര്‍ണക്കടത്ത് കേസില്‍ ദുബായിലുള്ള ഫൈസല്‍ ഫരീദിന് ജാമ്യമില്ലാ വാറന്‍റ്. പിടികൂടാന്‍ ഇന്‍റര്‍പോള്‍ സഹായം തേടും. സന്ദീപിന്‍റെ ബാഗ് നാളെ പരിശോധിക്കും. നിര്‍ണായക തെളിവുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കി. അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ മൂവാറ്റുപുഴക്കാരന്‍ ജലാല്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി ഇന്ന് കസ്റ്റംസ് പിടിയിലായി. റിമാന്‍ഡില്‍ കഴിയുന്ന റമീസില്‍ നിന്ന് സ്വര്‍ണം കൈപറ്റിയവരാണ് മൂന്നുപേരും.
ഇതില്‍ ജലാല്‍ മുന്‍പും സ്വര്‍ണകടത്ത് കേസില്‍ ഉള്‍പ്പെട്ടയാളാണ്. രണ്ടുവര്‍ഷം മുന്‍പ് തിരുവനന്തപുരം വിമാനത്താവളം വഴി 5 കിലോ സ്വര്‍ണം കടത്തിയിട്ടുണ്ട് ജലാല്‍.റമീസും ജലാലും ഉറ്റസുഹൃത്തുക്കളാണ്. പിടിയിലായ മൂന്നുപേരെയും ഇന്നു തന്നെ കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ എത്തിക്കും.
സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്, എന്നിവരെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മൂവര്‍ക്കുമെതിരെ കൊഫെപോസ ചുമത്താന്‍ തീരുമാനമായി. ഇതിനിടെ മന്ത്രി ജലീല്‍, മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കര്‍, ജലീലിന്‍റെ പ്രൈവറ്റ് സെക്രട്ടറി തുടങ്ങിയവരെ സ്വപ്ന ഏപ്രില്‍ മുതല്‍ ജൂലൈ വരെ വിളിച്ചതിന്‍റെ വിവരങ്ങള്‍ പുറത്തു വന്നു.