13 July, 2020 01:38:18 AM
സ്വപ്നയുടെയും സന്ദീപിന്റെയും കോവിഡ് ഫലം നെഗറ്റീവ്: നടപടികൾ വേഗത്തിലാക്കാൻ എൻഐഎ
കൊച്ചി: ഡിപ്ലോമാറ്റിക് ബാഗിൽ സ്വര്‍ണം കടത്തിയ കേസില്‍ റിമാൻഡിൽ കഴിയുന്ന രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെയും നാലാം പ്രതി സന്ദീപ് നായരുടെയും കോവിഡ് പരിശോധന ഫലമായി. ഇരുവരുടെയും ഫലം നെഗറ്റീവാണ്. ഇതോടെ ഇരുവരെയും കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് എൻഐഎ. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയാണ് ഇരുവരെയും ഇന്ന് റിമാന്‍ഡ് ചെയ്തത്. സ്വപ്നയെ തൃശൂരിലെ ക്വാറന്റൈന് കേന്ദ്രത്തിലേക്കും സന്ദീപ് നായരെ കറുകുറ്റിയിലെ ക്വാറന്റൈന് കേന്ദ്രത്തിലേക്കുമാണ് മാറ്റിയിരിക്കുന്നത്.
പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനും തെളിവു ശേഖരിക്കുന്നതിനുമായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിച്ചിരുന്നു. സ്വര്‍ണക്കടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെ, കുറ്റകൃത്യത്തിനു പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടോ തുടങ്ങി കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കസ്റ്റഡിയിലെ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎ അപേക്ഷ നല്‍കിയത്. കേസില്‍ വിശദ അന്വേഷണം ആവശ്യമാണെന്നും എന്‍ഐഎ വ്യക്തമാക്കി. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. കോടതിയില്‍ ഹാജരാക്കുന്നതിനു മുൻപ് കോവിഡ് പരിശോധനകള്‍ക്കായി ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചിരുന്നു.