09 July, 2020 09:16:57 PM
'അറബിയും അമേരിക്കൻ ഇംഗ്ലീഷും'; സ്വപ്നയുടെ അരങ്ങേറ്റം സപ്‌ന മുഹമ്മദ് എന്ന വ്യാജപേരിൽ
തിരുവനന്തപുരം: സ്വപ്ന സുരേഷ് സെക്രട്ടറിയേറ്റിൽ കറങ്ങിനടന്നിരുന്നത് സപ്‌ന മുഹമ്മദ് എന്ന വ്യാജപേരിൽ. യു.എ.ഇ കോൺസുലേറ്റിൽ ഉദ്യോഗസ്ഥയായിരുന്ന കാലത്തായിരുന്നു ആൾമാറാട്ടം. മലയാളിയാണ് എന്ന വിവരം മറച്ചു വെച്ചാണ് അറബി വേഷത്തിലായിരുന്ന സപ്‌ന ഉന്നത ഉദ്യോഗസ്ഥരെ പരിചയപ്പെട്ടത്.
ഇതേ സപ്ന തന്നെ സ്വപ്ന പ്രഭ സുരേഷ് ആയി ഐടി വകുപ്പിന് കീഴിൽ ജോലിക്കെത്തിയപ്പോഴും തിരിച്ചറിയാൻ ആഭ്യന്തരവകുപ്പിന് കഴിഞ്ഞില്ല. സപ്‌നാ മുഹമ്മദായാണ് സ്വപ്‌ന സെക്രട്ടേറിയറ്റിൽ കയറി ഇറങ്ങിയപ്പോള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം അറബിയും അമേരിക്കൻ ഉച്ചാരണത്തിലുള്ള ഇംഗ്ലീഷുമായിരുന്നു സംസാരിച്ചിരുന്നത്.
ഗൾഫിൽ ജനിച്ചു വളർന്ന സ്വപ്‌നയ്ക്ക് അനായാസം വഴങ്ങുന്നതായിരുന്നു രണ്ടു ഭാഷയും. സപ്‌ന മലയാളിയാണെന്നു പല ഉദ്യോഗസ്ഥരും തിരിച്ചറിഞ്ഞത് കേസ് നടപടികൾ തുടങ്ങിയ ശേഷമാണ്. ഇതേ സപ്‌ന തന്നെയാണ് സ്വപ്‌ന പ്രഭാ സുരേഷ് ആയി പിന്നീട് ഐടി വകുപ്പിനു കീഴിലെ പ്രൊജക്ടിൽ എത്തിയത്.
സോളാർ അഴിമതിക്കാലത്ത് ലക്ഷ്മി എന്ന പേരിലായിരുന്നു അന്നത്തെ വിവാദനായിക സെക്രട്ടേറിയേറ്റിൽ കയറി ഇറങ്ങിയത്. ഇപ്പോൾ രണ്ടുപേരിൽ രണ്ടു രൂപത്തിൽ കറങ്ങി നടന്നിട്ടും തിരിച്ചറിയാൻ പൊലീസിനോ ഇന്റലിജൻസ് സംവിധാനത്തിനോ കഴിഞ്ഞില്ല. സ്വപ്നയ്ക്ക് വഴിയൊരുക്കിയതിൽ ഐഎഎസുകാർ മാത്രമല്ല ഐപിഎസുകാരും ഉണ്ടെന്നാണ് ഇപ്പോൾ കസ്റ്റംസിന്‍റെ നിഗമനം.