09 July, 2020 08:13:18 PM
ഗോപാലകൃഷ്ണനെതിരെ നിയമനടപടിക്ക് കെ സി വേണുഗോപാൽ നോട്ടീസയച്ചു
കൊച്ചി: സ്വർണക്കടത്തു കേസിലെ പ്രതിയുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപകീർത്തികരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിച്ച ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി നിയമനടപടിക്ക്. പ്രസ്താവന പിൻവലിച്ചു മാപ്പു പറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടിക്രമങ്ങൾ അനുസരിച്ചു കേസുമായി മുൻപോട്ടു പോകുമെന്ന് കാട്ടി കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ അഡ്വ എസ് ശ്രീകുമാർ മുഖേനെയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
സ്വർണ കടത്തു കേസിൽ ആരെ രക്ഷിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഗോപാലകൃഷ്ണൻ വ്യക്തമാക്കണമെന്ന് കെസി വേണുഗോപാൽ എം പി ആവശ്യപ്പെട്ടു. മാധ്യമശ്രദ്ധ നേടാനായി എന്ത് അസംബന്ധവും വിളിച്ചുപറയുന്ന തരത്തിലേക്ക് ഒരു രാഷ്ട്രീയ നേതാവും തരംതാണു പോകരുത്. ഇങ്ങനെയെല്ലാം വിളിച്ചുപറയാൻ ആരാണ് ഗോപാലകൃഷ്ണനെ പ്രേരിപ്പിക്കുന്നതെന്നും നാക്കിന് എല്ലില്ലാ എന്നുകരുതി എന്തും പറയാമെന്നു കരുതരുതെന്നും കെസി വേണുഗോപാല്‍ പത്രക്കുറിപ്പിലൂടെ പറഞ്ഞു.
ആരോപണം വാസ്തവ വിരുദ്ധമാണെന്നും വേണുഗോപാൽ പ്രസ്താവനയിൽ പറയുന്നു. സ്വർണ്ണക്കടത്ത് കേസിലെ യഥാർഥ പ്രതികളെ രക്ഷിക്കാൻ രാഷ്ട്രീയ നീക്കം നടക്കുന്നുവെന്നതിന് ഏറ്റവും വലിയ തെളിവാണ് തനിക്കെതിരെ ഉയർത്തിയിരിക്കുന്ന ആരോപണം. ഈ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുകയാണെന്നും വേണുഗോപാൽ പറഞ്ഞു. മന്ത്രിയായിരുന്ന കാലത്ത് ആ വകുപ്പുകൾക്ക് കീഴിൽ നടന്ന എല്ലാ കാര്യങ്ങൾക്കും താൻ ഉത്തരവാദിയാണെന്നു പറയുന്നതിൽ എന്ത് അർത്ഥമാണുള്ളതെന്നും വേണുഗോപാൽ ചോദിച്ചു.
സാറ്റ്സ് എയർ ഇന്ത്യയുമായി ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കരാറുള്ള സ്വകാര്യ കമ്പിനിയാണ്. അവരുടെ ആഭ്യന്തര കാര്യങ്ങളിൽ താൻ ഇടപെട്ടു എന്ന് പറയുന്നത് ശുദ്ധ മര്യാദകേടാണെന്നും വേണുഗോപാൽ പറഞ്ഞു. ആരോപണം ഉന്നയിക്കുന്നവർ തെളിവുണ്ടെങ്കിൽ ഹാജരാക്കട്ടെ. വാസ്തവ രഹിതമായ ഈ ആരോപണം പറയുന്നതിന് പിന്നിലുള്ള ലക്ഷ്യം എന്താണെന്നു മനസിലാകുന്നില്ല. ഉദ്ദേശം എന്തായാലും അത് പുറത്തുവരണം. ഒന്നുകിൽ മാധ്യമ ശ്രദ്ധകിട്ടാൻ, അല്ലെങ്കിൽ ആരെയോ രക്ഷപ്പെടുത്താനാണ് ഈ കല്ലുവെച്ച നുണ പറയുന്നത്. വേണുഗോപാല്‍ ചൂണ്ടികാട്ടി.