09 July, 2020 05:34:40 PM
''അറ്റകൈയ്ക്ക് ഞാനും കുടുംബവും ആത്മഹത്യ ചെയ്യും": സ്വപ്നയുടെ ഓഡിയോ പുറത്ത്
കൊച്ചി: അറ്റകൈയ്ക്ക് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ്. സ്വര്‍ണക്കടത്ത് കേസില്‍ തനിക്ക് പങ്കില്ലെന്നും എന്നാല്‍ ഭയംകൊണ്ടാണ് മാറി നില്‍ക്കുന്നത് എന്നുമുള്ള സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നു.
ബാഗേജ് വിട്ടു നല്‍കാന്‍ വിളിച്ചത് ഔദ്യോഗികമായാണെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കുന്നു. ജോലിയുടെ ഭാഗമായി ഒരുപാട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, പ്രതിപക്ഷം തുടങ്ങി എല്ലാവരുമായും ഇടപെട്ടിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം വന്നതില്‍ ഒരു പങ്കുമില്ല. യുഎഇയില്‍ നിന്ന് വന്ന ബാഗേജ് ക്ലിയറാക്കാന്‍ താമസിച്ചപ്പോള്‍ കോണ്‍സലിലെ ഡിപ്ലോമാറ്റ് കാര്‍ഗോ വന്നതിന്റെ അടുത്ത ദിവസം വിളിച്ച് കാര്‍ഗോ വന്നില്ലേ, എന്ന കാര്യം അന്വേഷിച്ചു. അതനുസരിച്ചാണ് കസ്റ്റംസിലെ അസിസ്റ്റന്റ് കമ്മീഷണറെ വിളിക്കുന്നതെന്നും സ്വപ്ന ഓഡിയോയില്‍ വ്യക്തമാക്കുന്നു.
ഞാനെന്ന സ്ത്രീയെ ഫ്രെയിം ചെയ്ത് എന്നെ ഞാനല്ലാതെ ആക്കി ആത്മഹത്യയുടെ വക്കിലെത്തിച്ചത് ചിലര്‍ക്ക് തിരഞ്ഞെടുപ്പില്‍ സ്വാധീനിക്കാനാണ്. ഇതിലുണ്ടാകുന്ന ദ്രോഹം എന്റെ കുടുംബത്തിലെ മൂന്നുപേര്‍ക്ക് മാത്രമാണ്. ഒരു സ്പീക്കറെയോ ഒരു ഉന്നതനെയോ ആരെയും ബാധിക്കാന്‍ പോകുന്നില്ല. അറ്റ കൈക്ക് ഞാനും എന്റെ കുടുംബവും ആത്മഹത്യ ചെയ്തിരിക്കും. അതിന് ഉത്തരവാദി നിങ്ങളായിരിക്കുമെന്നും മാധ്യമങ്ങളിലുടെ പുറത്തുവിട്ട ഓഡിയോയില്‍ സ്വപ്ന സുരേഷ് പറയുന്നു.
മുഖ്യമന്ത്രിയുടെയയോ മന്ത്രിമാരുടെയോ വീടുകളില്‍ പോയിട്ടില്ല. ഞാന്‍ മുഖ്യന്മാരുടെ കൂടെ ക്ലബുകളില്‍ കയറിയിറങ്ങി എന്ന് പറഞ്ഞാല്‍ ആരെയും ബാധിക്കില്ല. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുമില്ല. സ്വര്‍ണക്കടത്തിനു പിന്നില്‍ ആരാണെന്ന് കണ്ടെത്തുകയാണ് വേണ്ടതെന്നും അവര്‍ പറയുന്നു.