07 July, 2020 11:21:26 AM
മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി സ്ഥാനത്തുനിന്ന് എം.ശിവശങ്കറിനെ നീക്കി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള സെക്രട്ടറി സ്ഥാനത്തുന്ന്‌ന് എം.ശിവശങ്കര്‍ ഐ.എ.എസിനെ മാറ്റി. എന്നാല്‍ ഐ.ടി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിട്ടില്ല. മിര്‍ മുഹമ്മദ് ഐ.എ.എസിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അധിക ചുമതല നല്‍കി. അതേ സമയം, സ്പ്രിംഗ്‌ളര്‍ ഇടപാട് മുതല്‍ സ്വര്‍ണ്ണക്കടത്തിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന്റെ നിയമനം വരെ ആരോപണം നേരിടുന്ന ശിവശങ്കറെ ഐ.ടി വകുപ്പില്‍ നിന്ന് നീക്കാത്തതും സംശയം സൃഷ്ടിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പ് കൂടിയാണ് ഐ.ടി. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥന്‍ കൂടിയാണ് ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഡി.ജി.പിയും ചീഫ് സെക്രട്ടറിയും നടത്തിയ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. കളങ്കിതര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലെന്ന് വരുത്തിതീര്‍ക്കാനുള്ള കണ്ണില്‍ പൊടിയിടുന്ന നടപടിയാണിതെന്ന് പ്രതിപക്ഷ കക്ഷി നേതാക്കള്‍ ആരോപിച്ചു. ശിവശങ്കറിലേക്ക് അന്വേഷണം വന്നാല്‍ മുഖ്യമന്ത്രിയും കുടുങ്ങുമെന്നതിനാലാണ് ഈ നടപടിയെന്നും കോണ്‍ഗ്രസും ബി.ജെ.പിയും ആരോപിച്ചു