06 July, 2020 01:49:00 PM


ഡിപ്ലോമാറ്റിക് ബാഗേജിലെ സ്വർണ്ണക്കടത്ത്: സംസ്ഥാനത്തെ ഒരു സർക്കാർ ഉദ്യോഗസ്ഥയ്ക്ക് പങ്ക്



കൊച്ചി: യുഎഇ കോൺസുലേറ്റ് കാർഗോയ്ക്കുള്ളിൽ 15 കോടി രൂപയുടെ 30 കിലോ സ്വർണം കടത്തിയ സംഭവത്തിൽ സംസ്ഥാനത്തെ ഒരു സർക്കാർ ഉദ്യോഗസ്ഥയ്ക്ക് പങ്കെന്ന് വെളിപ്പെടുത്തൽ. ഐടി വകുപ്പിലെ ഉദ്യോഗസ്ഥയ്ക്കാണ് സ്വർണകടത്തിൽ പങ്കുള്ളത്. ദുബായ് കോൺസുലേറ്റിനെ സ്വാധീനിച്ചാണ് ഇവർ സ്വർണ്ണം കടത്തിയതെന്ന സൂചനയാണ് കസ്റ്റംസിന് ലഭിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കോൺസുലേറ്റിലെ മുൻ പി ആർ ഒ സരിത്തിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാത്റൂം ഫിറ്റിംഗ്, ടവൽ റോഡ് എന്നിവയിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയത്. കഴിഞ്ഞ മാസം 30ന് തലസ്ഥാനത്തെത്തിയ കാർഗോയിലാണ് 30 കിലോ വരുന്ന 15 കോടിയുടെ സ്വർണം കണ്ടെത്തിയത്.


സ്വർണ്ണക്കടത്തിന് പിന്നിൽ മോശം പെരുമാറ്റത്തിന് പുറത്താക്കിയ മുൻ ജീവനക്കാരനെന്ന് ഇന്ത്യയിലെ യുഎഇ കോൺസുലേറ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. കോൺസുലേറ്റിനോ നയതന്ത്ര ഉദ്യോഗസ്ഥർക്കോ ഇതിൽ പങ്കില്ലെന്നും കോൺസുലേറ്റ് അറിയിച്ചു. ''ഈ സംഭവം നടക്കുന്നതിന് ഏറെനാൾ മുൻപേ ആ ജീവനക്കാരനെ മോശം പെരുമാറ്റത്തിന്റെ പേരിൽ പുറത്താക്കിയിരുന്നു. കോൺസുലേറ്റിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള അറിവ് ദുരുപയോഗം ചെയ്ത് ക്രിമിനൽ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു''- യുഎഇ കോണ്‍സുലേറ്റ് വ്യക്തമാക്കി. 


കസ്റ്റംസ് ഉദ്യോഗസ്ഥരുമായി അന്വേഷണത്തിൽ പൂർണ സഹകരണവും കോൺസുലേറ്റ് വാഗ്ദാനം ചെയ്തു. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികളുണ്ടാകണമെന്നും കോൺസുലേറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആവശ്യപ്പെടുന്നു. സംഭവത്തിൽ അറസ്റ്റിലായ കോൺസുലേറ്റ് മുൻ പി ആർ ഒ സരിത്തിനെ ചോദ്യം ചെയ്യാൻ  കസ്റ്റംസിന്റെ കൊച്ചി ഓഫീസിലേക്ക് കൊണ്ടുപോയി. സ്വർണമടങ്ങിയ കാർഗോ വിട്ടു കിട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥർക്കുമേൽ സരിത് സമ്മർദ്ദം ചെലുത്തി. കാർഗോ തുറന്നാൽ നിയമ നടപടിയുണ്ടാകുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. 


കോൺസുലേറ്റിന്റെ വിലാസത്തിൽ വന്ന ഡിപ്ലോമാറ്റിക് കാർഗോയിൽ സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണ്ണം സൂക്ഷിച്ചിരുന്നത്. എന്നാൽ ഈ പൈപ്പുകളുൾപ്പടെ ഒന്നും തന്നെ ദുബൈയിലക്ക് ഓർഡർ നൽകിയിരുന്നില്ല എന്നാണ് കോൺസുലേറ്റ് കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്. ഭക്ഷണ സാധനങ്ങൾ എത്തിക്കാൻ മാത്രമാണ് ഓർഡർ നൽകിയിരുന്നത്.
ഇതാദ്യമായാണ് ഡിപ്ലോമാറ്റിക് കാർഗോ വഴി സ്വർണ്ണക്കടത്ത് പിടികൂടുന്നത്. ഈ കാർഗോ പരിശോധനയ്ക്ക് ശേഷം ഏറ്റെടുക്കാനും തുറക്കാനുമുളള അധികാരം കോൺസുലേറ്റിന് മാത്രമാണ്. അങ്ങനെയിരിക്കെ സ്വർണ്ണം ആർക്കുവേണ്ടി എത്തിച്ചു എന്ന സംശയമാണ് അന്വേഷണ ഏജൻസികൾക്ക് മുന്നിലുള്ളത്. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K