06 July, 2020 01:05:15 PM
മറുനാടന്‍ തൊഴിലാളികളുടെ മടങ്ങി വരവ്: പ്രതിഷേധവുമായി പായിപ്പാട് നിവാസികൾ
ചങ്ങനാശ്ശേരി: മറുനാടന്‍ തൊഴിലാളികളുടെ മടങ്ങിവരവിനും ക്വാറന്‍റയിനിൽ പ്രവേശിപ്പിക്കുന്നതിനും എതിരെ പ്രതിഷേധം. പായിപ്പാട് പ്രദേശവാസികൾ രൂപീകരിച്ച ജനകീയ സമിതിയാണ് യു പി സ്വദേശികളായ 59 തൊഴിലാളികളുടെ മടങ്ങിവരവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് പായിപ്പാട് കവലയിൽ പ്രതിഷേധയോഗം ചേരും.
ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ സ്വദേശത്തേക്കു മടങ്ങിപോകണമെന്ന ആവശ്യവുമായി മറുനാടന്‍ തൊഴിലാളികൾ പായിപ്പാട് കവലയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രതിഷേധിച്ചിരുന്നു. പായിപ്പാട് സ്വകാര്യ മെഡിക്കൽ കോളജിന്‍റെ നവീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൈലിങ് ജോലികൾ ഏറ്റെടുത്തിട്ടുള്ള മുംബൈ കോൺട്രാക്റ്റിംഗ് കമ്പനിയുടെ സബ് കോൺട്രാക്ടേഴ്സിന് വേണ്ടി കോഴിക്കോട് കല്ലായി സ്വദേശിയായ ഏജന്‍റ് വഴിയാണ് യു പി തൊഴിലാളികൾ ഇന്ന് പായിപ്പാട് എത്തിച്ചേരുന്നതെന്നാണ് സൂചന.
പായിപ്പാട് ടൗണിൽ ഇരുനില വീട് വാടകക്കെടുത്തു ജോലിചെയ്തുവന്ന തൊഴിലാളികളാണ് ക്വാറന്‍റയിനില്‍ കഴിയാൻ എത്തുന്നത്. കോവിഡ് രോഗവർധനവും സാമൂഹ്യ വ്യാപനവും തടയുന്നതിന് ബന്ധപ്പെട്ട തൊഴിലാളികളെ വാടക വീട്ടിൽ താമസിപ്പിക്കില്ലന്നു വാടകവീടിന്‍റെ ഉടമസ്ഥനും, ജനകീയ സമിതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ചു ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും ജനകീയ സമിതി ഭാരവാഹികൾ പറഞ്ഞു.