05 July, 2020 10:34:52 PM
നാട്ടിലെത്തി ഹോം ക്വാറന്‍റയിനില്‍ പ്രവേശിച്ച പ്രവാസി "കൊറോണാ കെയര്‍ സെന്‍ററി"ല്‍
കോട്ടയം: ദുബായില്‍നിന്ന് എത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ച പ്രവാസി അധികൃതരുടെ രേഖയില്‍ ഇപ്പോഴും കൊറോണാ കെയര്‍ സെന്‍ററില്‍. പത്ത് ദിവസമായി വീട്ടില്‍ അടച്ചുപൂട്ടി കഴിയുന്ന 36കാരനായ യുവാവിന്‍റെ ആരോഗ്യനിലയെ പറ്റി തിരക്കാനോ പരിശോധനകള്‍ നടത്താനോ ഇതുവരെ ആരും രംഗത്തെത്തിയുമില്ല. പേരൂര്‍ കിണറ്റിന്‍മൂട് സ്വദേശിക്കാണ് ഈ ദുരനുഭവം.
25ന് ദുബായില്‍നിന്നും തിരിച്ച ഇദ്ദേഹം 26ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തി. ഹോം ക്വാറന്‍റയിനില്‍ പ്രവേശിക്കാനായി തയ്യാറായി വന്ന ഇദ്ദേഹം ഭാര്യയെയും കുട്ടികളെയും മുന്‍കൂട്ടി കായംകുളത്തെ വീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു. വിമാനത്താവളത്തില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കോട്ടയത്തെത്തിയ ഇദ്ദേഹം അനുപമ തീയറ്ററില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് സെല്ലില്‍ താന്‍ ഗൃഹനിരീക്ഷണത്തില്‍ പ്രവേശിക്കുകയാണെന്ന് അറിയിച്ചു. അതനുസരിച്ച് അവിടെനിന്നും ഏര്‍പ്പാടാക്കിയ ടാക്സിയിലാണ് യുവാവ് പേരൂരിലെ വീട്ടിലെത്തിയത്.
27ന് രാവിലെ യുവാവിനെ കോട്ടയത്തെ കോവിഡ് സെല്ലില്‍നിന്നും വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞിരുന്നു. പിന്നീട് ഇതുവരെ ആരും ബന്ധപ്പെട്ടില്ല. തന്നോടൊപ്പം എത്തിയവരുടെ സ്രവപരിശോധന നടന്നെങ്കിലും തന്‍റെ കാര്യത്തില്‍ നടപടികളൊന്നും ഉണ്ടായില്ലെന്ന് യുവാവ് പറയുന്നു. നഗരസഭയുടെ വാര്‍ഡുതല ജാഗ്രതാസമിതിയോ ആശാ വര്‍ക്കര്‍മാരോ ആരും ബന്ധപ്പെട്ടില്ലെന്നും യുവാവ് പറയുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആരോഗ്യപ്രവര്‍ത്തകരോട് അന്വേഷിച്ചപ്പോഴാണ് ഏറ്റുമാനൂര്‍ നഗരസഭാ പരിധിയിലെ 18-ാം വാര്‍ഡില്‍ താമസിക്കുന്ന യുവാവിന്‍റെ പേര് തെറ്റായി കോട്ടയം നഗരസഭയില്‍ ചേര്‍ക്കപ്പെട്ടതായി അറിയുന്നത്. മാത്രമല്ല രേഖകള്‍ പ്രകാരം ഇദ്ദേഹം ഇപ്പോള്‍ കോവിഡ് കെയര്‍ സെന്‍ററിലാണുള്ളത്. എന്നാല്‍ എവിടെയെന്ന് വ്യക്തമല്ല.
ഇപ്രകാരം വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയതാകാം ഇദ്ദേഹത്തെ ആരും ബന്ധപ്പെടാതിരുന്നതിന് കാരണമായി ഏറ്റുമാനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ എഎംഓ ഡോ.സജിത് കുമാര്‍ ചൂണ്ടികാട്ടിയത്. കോട്ടയത്തെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനാല്‍ യുവാവിന്‍റെ കാര്യത്തില്‍ ഇടപെടാനാകാത്ത അവസ്ഥയിലാണ് ഏറ്റുമാനൂരിലെ ആരോഗ്യപ്രവര്‍ത്തകര്‍. ഇതിനിടെ യുവാവിനായി ഭാര്യ കരുതിവെച്ചിരുന്ന ആഹാരസാധനങ്ങള്‍ എല്ലാം തീര്‍ന്നതും പ്രശ്നമായി. അധികൃതര്‍ ബന്ധപ്പെടാത്തതും പുറത്തിറങ്ങാന്‍ കഴിയാത്തതുമായ അവസ്ഥ സംജാതമായതോടെ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് യുവാവ്.