05 July, 2020 03:00:30 PM


ജോസ് കെ മാണി വീരേന്ദ്രകുമാറിനെ മാതൃകയാക്കണം - കാനം; ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകും - പി സി ജോര്‍ജ്



കോട്ടയം: ജോസ് കെ. മാണി വിഭാഗത്തിന്‍റെ ഇടതു മുന്നണി പ്രവേശനം വീരേന്ദ്രകുമാറിനെ മാതൃകയാക്കി വേണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോസ് കെ. മാണി വിഭാഗത്തിന്‍റെ എംപിമാര്‍  നിലവില്‍ യുപിഎയുടെ എംപിമാരാണ്. അതൊക്കെ അവര്‍ ഉപേക്ഷിക്കട്ടെ അപ്പോള്‍ ആലോചിക്കാമെന്നും തങ്ങളുടെ എതിര്‍പ്പ് ആവര്‍ത്തിച്ച് കാനം പ്രതികരിച്ചു. അതേസമയം യു.ഡി.എഫില്‍ നിന്നും ലഭിച്ച സ്ഥാനങ്ങള്‍ രാജിവയ്ക്കണമെന്നു പറഞ്ഞാല്‍ ജോസ് കെ മാണിക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുമെന്ന് പി.സി ജോര്‍ജ് പരിഹസിച്ചു.


"മുന്നണി എന്നത് കക്ഷികളുടെ നിലപാടിന്‍റെ അടിസ്ഥാനത്തിലുള്ളതാണ്. ജോസ് കെ മാണി യുഡിഎഫ് വിട്ടിട്ടില്ല. മൂന്ന് മുന്നണിയുമായി വിലപേശുകയാണ്‌ അവര്‍. വീരേന്ദ്രകുമാറിന്‍റെ ജനതാദള്‍ പാര്‍ട്ടി എല്‍ഡിഎഫിലേക്ക് വന്നത് യുഡിഎഫിന്‍റെ കയ്യില്‍ നിന്ന് അവര്‍ക്ക് ലഭിച്ച സര്‍വ്വതും രാജ്യസഭാംഗവും വിട്ടെറിഞ്ഞിട്ടാണ്. നിലവില്‍ യുപിഎയുടെ എംപിമാരായ ജോസ് കെ. മാണി വിഭാഗത്തിന്‍റെ എംപിമാര്‍ അതൊക്കെ ഉപേക്ഷിക്കട്ടെ അപ്പോള്‍ ആലോചിക്കാം"- കാനം പറഞ്ഞു.


ജോസ് കെ മാണിയുടെ മുന്നണി പ്രവേശന വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണന്‍റെ വിമർശനത്തിനും  കാനം മറുപടി നൽകി. 1965ലെ ചരിത്രം കോടിയേരി ഒന്നു കൂടി വായിക്കണമെന്നും കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. "1965ല്‍ ഒറ്റക്കല്ല മത്സരിച്ചത്. കോടിയേരി ആ ചരിത്രം ഒന്നു കൂടി വായിച്ചു നോക്കുന്നത് നല്ലതാണ്. 65ല്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി ധാരണയുണ്ടാക്കിയാണ് സിപിഎം മത്സരിച്ചത്. ഒറ്റക്ക് മത്സരിച്ചു എന്ന് പറയുന്നതില്‍ എന്താണര്‍ഥം. എല്‍ഡിഎഫിന്റെ അടിത്തറ വിപുലീകരിക്കേണ്ടത് ജനാധിപത്യ ശക്തികളെ എല്‍ഡിഎഫിലേക്ക് ആകര്‍ഷിച്ചു കൊണ്ടാണ്. അതല്ലാതെ വരികയും പോവുകയും ചെയ്യുന്നവരെ സ്വീകരിച്ചു കൊണ്ടല്ല"- കാനം രാജേന്ദ്രന്‍ പറഞ്ഞു.


"സര്‍വ്വേയുടെ അടിസ്ഥാനത്തിലല്ല ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നത്. 50,000 വോട്ടര്‍മാരെ മാത്രം കാണാതെ മുഴുവന്‍ വോട്ടര്‍മാരുടെ കയ്യില്‍ നിന്ന് വിവരങ്ങള്‍ അറിയാനുള്ള സംവിധാനം ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുണ്ട്. ഞങ്ങളുടെ ഗ്രാസ്സ് റൂട്ട് ലെവലില്‍ നിന്നുള്ള റിപ്പോര്‍ട്ട് തുടര്‍ഭരണമുണ്ടാകുമെന്നാണ് പറയുന്നത്. ഇതിനെ ദുര്‍ബലപ്പെടുത്താനുള്ള രാഷ്ട്രീയം തീരുമാനം എടുക്കാന്‍ പാടില്ല." - കാനം കൂട്ടിച്ചേർത്തു.



യു.ഡി.എഫില്‍ നിന്നും ലഭിച്ച സ്ഥാനങ്ങള്‍ രാജിവയ്ക്കണമെന്നു പറഞ്ഞാല്‍ ജോസ് കെ മാണിക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുമെന്ന് പി.സി ജോര്‍ജ് പരിഹസിച്ചു. കെ.എം മാണിയെയാണ് യു.ഡി.എഫ് പുറത്താക്കിയതെന്നു പറഞ്ഞു ജോസ് കെ മാണി കരഞ്ഞു കൊണ്ട് നടക്കുകയാണ്.  കെ എം മാണി ആനയാണെങ്കില്‍ ജോസ് കെ മാണി വെറും കൊതുക് മാത്രമാണ്. കാശിനോടുള്ള ആര്‍ത്തി ജോസ് കെ മാണി അവസാനിപ്പിക്കണം. ഇപ്പോള്‍ മൂന്നു മുന്നണിയോടും കാശ് ചോദിച്ചോണ്ടു നടക്കുകയാണ്. യു ഡി എഫിലോട്ടു തിരിച്ചു കയറുന്നതു നടക്കില്ല. ഛര്‍ദിച്ചത് വീണ്ടും കഴിക്കാന്‍ പറ്റുമോ"- അദ്ദേഹം ചോദിച്ചു.


കെ.എം മാണിയെയാണ് യു.ഡി.എഫ് പുറത്താക്കിയതെന്നു പറഞ്ഞു ജോസ് കെ മാണി കരഞ്ഞു കൊണ്ട് നടക്കുകയാണ്. കെ എം മാണി ആനയാണെങ്കില്‍ ജോസ് കെ മാണി വെറും കൊതുക് മാത്രമാണെന്ന് പി.സി.ജോര്‍ജ് പരിഹസിച്ചു. കാശിനോടുള്ള ആര്‍ത്തി ജോസ് കെ മാണി അവസാനിപ്പിക്കണം. അതിനിടെ യു.ഡി.എഫില്‍ നിന്നും ലഭിച്ച സ്ഥാനങ്ങള്‍ രാജിവയ്ക്കണമെന്നു പറഞ്ഞാല്‍ ജോസ് കെ മാണിക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകും.  ഇപ്പോള്‍ മൂന്നു മുന്നണിയോടും കാശ് ചോദിച്ചോണ്ടു നടക്കുകയാണ്. യു ഡി എഫിലോട്ടു തിരിച്ചു കയറുന്നതു നടക്കില്ല. ഛര്‍ദിച്ചത് വീണ്ടും കഴിക്കാന്‍ പറ്റുമോ"- അദ്ദേഹം ചോദിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K