05 July, 2020 05:40:57 AM
ആറടി അകലം പാലിക്കാതെയുള്ള കൂടിച്ചേരലുകളോ യോഗങ്ങളോ പാടില്ലെന്നു നിർദേശം
തിരുവനന്തപുരം: മുൻകൂർ അനുമതി വാങ്ങാതെയും ആറടി അകലം പാലിക്കാതെയുമുള്ള കൂടിച്ചേരലുകളോ യോഗങ്ങളോ പാടില്ലെന്നു നിർദേശിച്ചു പകർച്ചവ്യാധി ഭേദഗതി വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കി. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്ക് നിർബന്ധമാക്കി. ഒരു വർഷം വരെയോ അല്ലെങ്കിൽ മറിച്ചൊരു വിജ്ഞാപനം ഇറങ്ങുന്നതു വരെയോ ആണു കാലാവധി.
അധികാരികളുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ സമ്മേളനങ്ങൾ, ധർണകൾ, സമരങ്ങൾ, ഘോഷയാത്രകൾ, മറ്റു കൂടിച്ചേരലുകൾ എന്നിവ പാടില്ലെന്ന് പകർച്ചവ്യാധി ഭേദഗതി ഓർഡിനൻസിൽ പറയുന്നു. മുൻകൂർ അനുമതിയോടെ നടത്തുന്ന ഇത്തരം യോഗങ്ങൾക്ക് പരമാവധി പത്തു പേരിൽ കൂടാൻ പാടില്ല. എല്ലാവരും മാസ്ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ആറടി അകലം പാലിക്കുകയും വേണമെന്നും ഓർഡിനൻസിന്റെ പുതുക്കിയ ഭേദഗതിയിൽ വ്യക്തമാക്കുന്നു.
പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും പൊതുജന സാന്നിധ്യമുള്ള മറ്റിടങ്ങളിലും വാഹന യാത്രയിലും മൂക്കും വായയും മൂടുന്ന തരത്തിൽ എല്ലാവരും മാസ്ക് ധരിച്ചിരിക്കണം. പൊതുസ്ഥലങ്ങളിലും ചടങ്ങുകളിലും ജനങ്ങൾ തമ്മിൽ ആറടി അകലം പാലിച്ചിരിക്കണം. വിവാഹച്ചടങ്ങുകളിൽ ഒരേ സമയത്ത് 50 പേരിൽ കൂടരുത്.
അവിടെ കൂടുന്നവരെല്ലാം സാനിറ്റൈസർ കരുതുകയും മാസ്ക് ധരിക്കുകയും ആറടി അകലം പാലിക്കുകയും വേണം. ചടങ്ങിന്റെ സംഘാടകരും സാനിറ്റൈസർ സൗകര്യമൊരുക്കണം. മരണാനന്തര ചടങ്ങുകളിൽ 20 പേരിൽ കൂടരുത്. ഇവിടെയും മുഖാവരണം, സാനിറ്റൈസർ, ആറടി അകലം എന്നിവ നിർബന്ധം.
കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ഒരു സമയത്ത് പരമാവധി 20 പേരിൽ കൂടുതൽ പാടില്ല. മുറിയുടെ വലിപ്പമനുസരിച്ച് വേണം ആളുകളുടെ എണ്ണം നിശ്ചയിക്കാൻ. പൊതുസ്ഥലത്തോ റോഡിലോ ഫുട്പാത്തിലോ ആരും തുപ്പരുത്. മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിന്ന് കേരളത്തിലേക്കെത്തുന്ന എല്ലാവരും കോവിഡ്-19 ഇ-ജാഗ്രതാ പ്ലാറ്റ്ഫോം വഴി മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കണം. സന്പർക്കം മനസിലാക്കാനും ക്വാറന്റൈൻ സൗകര്യമുറപ്പാക്കാനും ഇതാവശ്യം.
രോഗവ്യാപനം നിയന്ത്രിക്കാൻ ഇത് അനിവാര്യം. നിർദേശങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ജില്ലാ കളക്ടർമാർക്കാണ്. വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരമുള്ള ശിക്ഷാനടപടി സ്വീകരിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.