04 July, 2020 04:17:22 PM
കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 32 വിദ്യാര്‍ഥികള്‍ക്ക് കൂടി കൊവിഡ്
ബെംഗളൂരു : കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 14 വിദ്യാര്‍ഥികള്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 32 ആയി. ജൂണ്‍ 25-നും ജൂലൈ 3-നും ഇടയില്‍ പരീക്ഷ എഴുതിയവരാണ് വിദ്യാര്‍ഥികള്‍. 80 പേര്‍ ക്വാറന്റീനിലാണ്.
മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 9 വരെയാണ് സംസ്ഥാനത്ത് പത്താം ക്ലാസ് പരീക്ഷ നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത് ജൂണ്‍ 25-ലേക്ക് മാറ്റിവെക്കുകയായിരുന്നു. സംസ്ഥാനത്ത് 7.60 ലക്ഷം വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. കണ്ടെയിന്‍മെന്റ് മേഖല ആയതിനാല്‍ 3911 വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിച്ചിട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരീക്ഷ നടത്തിയത്. കൈകള്‍ അണുവിമുക്തമാക്കാനും ക്ലാസ്സ് മുറികളും ഇരിപ്പടങ്ങളും അണുവിമുക്തമാക്കാനമുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിരുന്നു. തെര്‍മല്‍ സ്‌ക്രീനിങിനുശേഷം മാത്രമേ വിദ്യാര്‍ഥികളെ പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിച്ചുള്ളൂ. കണ്ടെയിന്‍മെന്റ് മേഖലയില്‍ നിന്നും വരുന്നവരേയും ഏതെങ്കിലും രീതിയിലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെ പ്രത്യേക മുറികളില്‍ ഇരുത്തിയാണ് പരീക്ഷ എഴുതാന്‍ അനുവദിച്ചത്. വിദ്യാര്‍ഥികളില്‍ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്