30 June, 2020 05:29:12 AM
കസ്റ്റഡിമരണം: സാത്താൻകുളം പോലീസ് സ്റ്റേഷൻ റവന്യു വകുപ്പ് ഏറ്റെടുക്കാൻ നിർദേശം
മധുര: അച്ഛനും മകനും പോലീസ് മർദനത്തിൽ മരിച്ചുവെന്ന് ആരോപണമുയർന്ന സാത്താൻകുളം പോലീസ് സ്റ്റേഷൻ റവന്യു വകുപ്പിനോട് ഏറ്റെടുക്കാൻ നിർദേശം നല്‍കണമെന്ന് തൂത്തുക്കുടി ജില്ലാ കളക്ടർക്കു മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് നിർദേശം നല്കി. ജുഡീഷ്യല്‍ അന്വേഷണവുമായി പോലീസുദ്യോഗസ്ഥര്‍ സഹകരിക്കാത്ത സാഹചര്യത്തിലാണ് സ്റ്റേഷന്റെ നിയന്ത്രണം റവന്യൂ വകുപ്പിനോട് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്. ജസ്റ്റീസുമാരായ പി.എൻ. പ്രകാശ്, ബി. പുകഴേന്തി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണു വിധി.
ലോക്ക് ഡൗൺ ലംഘിച്ച് മൊബൈൽ ഷോപ്പ് തുറന്നതിനാണ് കടയുടമ പി. ജയരാജിനെയും മകൻ ബെനിക്സിനെയും സാത്താൻകുളം പോലീസ് കസ്റ്റഡിയിലെടുത്തത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് പിറ്റേന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 23ന് ഇരുവരും മരിച്ചു. പോലീസ് കസ്റ്റഡിയിൽ ഇരുവരും അതിക്രൂര മർദനത്തിനിരയായതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. കേസ് സിബിഐക്കു കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. സാത്താന് കുളം പൊലീസ് സ്റ്റേഷനില്‍ രണ്ടാഴ്ച മുമ്പും പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ഒരാളുടെ മരണം സംഭവിച്ചതായി ജുഡീഷ്യല്‍ കമ്മീഷന് കണ്ടെത്തിയിരുന്നു. തൂത്തുക്കുടി സ്വദേശിയായ മഹേന്ദ്രനാണ് മരണപ്പെട്ടത്.