29 June, 2020 05:54:07 PM
സ്പ്രിങ്ക്ളര്‍ കമ്പനിയുമായി കരാര്‍ നിലനില്‍ക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: സ്പ്രിങ്ക്ളര്‍ കമ്പനിയുമായുള്ള കരാര്‍ നിലനില്‍ക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചു. കൊവിഡ് രോഗികളുടെ ഡാറ്റ വിശകലനത്തിന് കമ്പനി ജീവനക്കാരുടെ സേവനം വിനിയോഗിക്കുന്നില്ല. സ്പ്രിങ്ക്ളര്‍ ശേഖരിച്ച മുഴുവന്‍ ഡേറ്റയുടെയും സുരക്ഷിതത്വം ഉറപ്പാക്കയതായും സർക്കാർ വ്യക്തമാക്കി. ഡേറ്റയുടെ പൂര്‍ണനിയന്ത്രണം ഇപ്പോള്‍ സി ഡിറ്റിനു ആണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. സര്‍ക്കാരിനു വേണ്ടി മുംബൈയില്‍ നിന്നുള്ള സൈബര്‍ നിയമ വിദഗ്ധ എന്‍.എസ് നാപ്പിനെ ഹാജരായി .
ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ആണ് ഇവര്‍ ഹാജരായത്. നേരത്തെ കേസ് പരിഗണിച്ചപ്പോഴും മുംബൈയില്‍ നിന്നും ഓണ്‍ലൈനായി സര്‍ക്കാരിന് വേണ്ടി എന്‍ എസ് നാപ്പിനെ തന്നെയാണ് ഹാജരായത്. കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. കേസ് ഒരു മാസം കഴിഞ്ഞു വീണ്ടും പരിഗണിക്കും.