28 June, 2020 05:26:58 PM
കേരളത്തില്‍ നിന്ന് പോയ 110 കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് പോയവരില്‍ ഇതര സംസ്ഥാനങ്ങളില്‍ കൊവിഡ് പോസിറ്റീവായ 110 പേരുടെ വിവരങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇവരുടെ വിശദമായ യാത്രാവഴി തയ്യാറാക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ലഭ്യമായവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ജില്ലകളിലേയ്ക്ക് കൈമാറി. കാസര്‍കോട്, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരാണ് കൂടുതല്‍.
കേരളത്തില്‍ നിന്ന് പോയി ഇതര സംസ്ഥാനങ്ങളില്‍ കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണമുയര്‍ന്നതോടെയാണ് ഇവരുടെ സ്വദേശത്ത് പരിശോധന നടത്താനുള്ള തീരുമാനം. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍ രേഖപ്പെടുത്തിയ രോഗബാധിതരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ശേഖരിച്ച് ജില്ലകള്‍ക്ക് കൈമാറി. കാസര്‍കോട് നിന്നുള്ള 14 പേരും കൊല്ലത്തു നിന്നുള്ള 11 പേരും പട്ടികയിലുണ്ട്. കണ്ണൂര്‍ , കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ വീതമുണ്ട്.
പാലക്കാട് , പത്തനംതിട്ട , തൃശൂര്‍, ഇടുക്കി ജില്ലകളില്‍ നിന്ന് 9 പേരും ഇതര സംസ്ഥാനങ്ങളില്‍ പോസിറ്റീവായി. കോട്ടയം -8, മലപ്പുറം - 5, എറണാകുളം- 3 വയനാട് - 2 തിരുവനന്തപുരം - 1 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍. യാത്ര പുറപ്പെട്ട തീയതി, പരിശോധന നടന്നത് എന്നതാണ് , രോഗബാധിതരുമായി ഏതെങ്കിലും വിധത്തില്‍ സമ്ബര്‍ക്കമുണ്ടായിട്ടുണ്ടോ, ഇവരുമായി സമ്ബര്‍ക്കമുണ്ടായവരില്‍ രോഗലക്ഷണങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കും. തമിഴ്‌നാട് സര്‍ക്കാരിന്റെ വെബ് സൈറ്റിലെ കണക്കനുസരിച്ച് കേരളത്തില്‍ നിന്നെത്തിയ 95 പേര്‍ പോസിറ്റീവായിട്ടുണ്ട്. കര്‍ണാടകത്തില്‍ ഏഴും.
ഇപ്പോള്‍ പരിശോധിക്കുന്ന 110 പേരുടെ ലിസ്റ്റില്‍ ഇവര്‍ എല്ലാവരുടേയും വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്‍പ്പെടെ പോസിറ്റീവായവരും പട്ടികയിലുണ്ട്. ഇവിടെ നിന്നാണോ യാത്രയ്ക്കിടയിലാണോ അവിടെ എത്തിയതിന് ശേഷമാണോ രോഗബാധയുണ്ടാതെന്ന് ഉറപ്പിച്ച് പറയാനാകില്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് ഉറവിടമറിയാത്ത രോഗബാധിതര്‍ കൂടുമ്ബോള്‍ ഇവിടെ നിന്നാണോ കൊവിഡ് ബാധിച്ചത് എന്ന കാര്യം സൂക്ഷ്മമായി വിലയിരുത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.