24 June, 2020 11:09:23 PM
സ്‌പെഷല്‍ ബ്രാഞ്ച് ഒഴികെ എല്ലാ പോലീസ് ഉദ്യാഗസ്ഥരും നാളെ മുതല്‍ സേവന സന്നദ്ധരാകാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം : കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ ഉള്ളവര്‍ ഉള്‍പ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരും വ്യാഴാഴ്ച രാവിലെ ഏഴു മുതല്‍ സേവന സന്നദ്ധരാകാന്‍ നിര്‍ദ്ദേശം. സ്‌പെഷ്യല്‍ ബ്രാഞ്ച് ഒഴികെയുള്ള എല്ലാ പ്രത്യേക യൂണിറ്റുകളിലെയും 90% ജീവനക്കാരുടെയും സേവനം ക്രമസമാധാന വിഭാഗം എഡിജിപിക്ക് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇത്തരം ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച രാവിലെ അതത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് മുമ്പാകെ റിപ്പോര്‍ട്ടു ചെയ്യണം. ബറ്റാലിയന്‍ എഡിജിപിക്കാണ് പോലീസ് മൊബിലൈസേഷന്റെ ചുമതല. വിദേശ മലയാളികള്‍ ധാരാളമായി തിരിച്ചെത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളുടെയും ചുമതല ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. നാല് വിമാനത്താവളങ്ങളുടെയും മേല്‍നോട്ട ചുമതല പരിശീലന വിഭാഗം ഐജി തുമ്മല വിക്രമിനാണ്.
വിവിധ വിമാനത്താവളങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഇവരാണ്: ഡോ. ദിവ്യ ഗോപിനാഥ്, വൈഭവ് സക്സേന (തിരുവനന്തപുരം), നവനീത് ശര്‍മ (കൊച്ചി), ചൈത്ര തെരേസ ജോണ്‍ (കോഴിക്കോട്) യതീഷ് ചന്ദ്ര, ആര്‍. ആനന്ദ് (കണ്ണൂര്‍). ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും ഓരോ വിമാനത്താവളങ്ങളുടെയും ചുമതല നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു