23 June, 2020 07:22:49 PM


വൈദികന്‍റെ മരണം: ദുരൂഹത അകറ്റാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്




കോട്ടയം: പുന്നത്തുറ സെന്‍റ് തോമസ് പള്ളിയിലെ (വെള്ളാപ്പള്ളി പള്ളി) വികാരി ഫാ ജോര്‍ജ് എട്ടുപറയിലിന്‍റെ (സോണിയച്ചന്‍ - 51) മൃതദേഹം പള്ളിവളപ്പിലെ കിണറ്റില്‍കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമാണെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇടവകാംഗങ്ങളും നാട്ടുകാരും സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ദുരൂഹത ആരോപിച്ചതിന്‍റെ കൂടി അടിസ്ഥാനത്തില്‍ വിവിധ വശങ്ങള്‍ പരിശോധിച്ചാണ് പോലീസ് അന്വേഷണം തുടരുന്നത്.


അസ്വഭാവികമരണത്തിനാണ് പോലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. സാമ്പത്തികവിഷയങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അള്‍ത്താരയില്‍ നിന്ന് കുരിശ് രൂപം മാറ്റിയതിനെ ചൊല്ലി വിശ്വാസികള്‍ തമ്മിലുള്ള തര്‍ക്കവും തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷവും പോലീസ് ഇടപെടലുകളും രൂപതയുടെ നിലപാടുകളും ഇടവകാംഗങ്ങള്‍ മറ്റ് പള്ളികളില്‍ പോയിതുടങ്ങിയതും വൈദികന് ഏറെ മാനസികസംഘര്‍ഷമുണ്ടാക്കിയിരുന്നുവത്രേ. വൈദികന്‍ സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിരുന്നുവെങ്കിലും നടപടികള്‍ ഒന്നുമുണ്ടായില്ല. ഞായറാഴ്ച ബിഷപ്പിനെ കാണാനിരിക്കെയാണ് ഇദ്ദേഹം അപ്രത്യക്ഷനായത്. 


ഞായറാഴ്ച വൈകിട്ടോടെ കാണാതായ വൈദികന്റെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ കിണറ്റില്‍ കണ്ടെത്തിയത്. അഞ്ചു വര്‍ഷം അമേരിക്കയിലെ പള്ളികളില്‍ സേവനം അനുഷ്ഠിച്ച ഇദ്ദേഹം കഴിഞ്ഞ ഫെബ്രുവരിയിലാണ് പള്ളിയുടെ ചുമതലയേറ്റത്. ഇതിനുശേഷം പള്ളിയില്‍ ഉണ്ടായ സംഭവവികാസങ്ങളാണ് വൈദികന്‍റെ മരണത്തില്‍ ദുരൂഹത ആരോപിക്കുന്നതിന് കാരണമായി നാട്ടുകാര്‍ ചൂണ്ടികാട്ടുന്നത്. മൃതദേഹത്തില്‍ തലയിലും കയ്യിലുമുള്ള ചെറിയ മുറിവുകള്‍ മരണകാരണമല്ലെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇത് വീണപ്പോള്‍ ഉണ്ടായതാണെന്നാണ് നിഗമനം.  


വൈദികന്‍റെ ശ്വാസകോശത്തിലും ആമാശയത്തിലും വെള്ളവും ചെളിയും നിറഞ്ഞിരുന്നു. ഇതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ഈ വെള്ളവും ചെളിയും വൈദികന്‍ കിടന്ന കിണറ്റിലേത് തന്നെയാണോ എന്നറിയാന്‍ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്‍റെ ഫലം എത്തുന്നതോടെയേ അന്വേഷണത്തില്‍ വഴിത്തിരിവ് എന്തെങ്കിലും ഉണ്ടാവു. പള്ളിയ്ക്കുള്ളില്‍ സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നെങ്കിലും, ഈ ക്യാമറകള്‍ എല്ലാം ഓഫ് ചെയ്ത നിലയിലായിരുന്നതാണ് ഒരു സംശയത്തിന് കാരണം. എന്നാല്‍ വൈദികന്‍ മുറിയില്‍ നിന്നിറങ്ങും മുമ്പ് ക്യാമറകള്‍ ഓഫ് ചെയ്തിരിക്കാം എന്ന സാധ്യതയും തള്ളികളയുന്നില്ല. മൊബൈല്‍ ഫോണ്‍ നിശബ്ദമാക്കി വെച്ച നിലയിലും മുറി ചാരിയിട്ട നിലയിലുമായിരുന്നു. എങ്കിലും നിലവിലെ സാഹചര്യത്തില്‍ വൈദികന്‍ ആത്മഹത്യ ചെയ്യേണ്ട കാര്യങ്ങള്‍ ഒന്നുമില്ലെന്നാണ് ഒരു വിഭാഗം ഇടവകാംഗങ്ങള്‍ പറയുന്നത്. 


കുറച്ചു നാളുകള്‍ക്കുമുന്‍പ് പള്ളിമുറ്റത്തുണ്ടായ തീപിടിത്തത്തില്‍ ചിലര്‍ക്ക് പരിക്ക് പറ്റിയ സംഭവം വൈദികന് വലിയ വിഷമത്തിന് ഇടയാക്കിയിരുന്നുവെന്ന് ചങ്ങനാശ്ശേരി അതിരൂപത ജാഗ്രത സമിതി കോഡിനേറ്റര്‍ ഫാ. ആന്റണി തലച്ചെല്ലുര്‍ പറഞ്ഞു. ഏതായാലും രാസപരിശോധനാഫലം കാത്തിരിക്കുകയാണ് പോലീസും ഇടവകാംഗങ്ങളും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K