23 June, 2020 03:32:36 PM


കൊല്ലത്ത് കോവിഡ‍് ബാധിച്ച് മരിച്ചയാൾ ദില്ലിയിൽ നിന്ന് എത്തിയത് ട്രയിനിൽ



കൊല്ലം: കഴിഞ്ഞ എട്ടിന് ദില്ലിയിൽനിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട നിസാമുദ്ദീൻ എക്സ്പ്രസിലെ യാത്രക്കാരനായിരുന്നു കോവിഡ് ബാധിച്ച് കൊല്ലത്ത് മരിച്ച മയ്യനാട് സ്വദേശി വസന്തകുമാർ (68). തീവണ്ടിയിലെ എസ് 2 കമ്പാർട്ടുമെന്റിലെ യാത്രക്കാരനായിരുന്നു. 36 ാം നമ്പർ സീറ്റിലായിരുന്നു വസന്തകുമാർ.


തൊട്ടടുത്ത സീറ്റുകളിൽ യാത്രക്കാരായിരുന്നവരിൽ നിന്ന് കൂടുതൽ സാമ്പിൾ ശേഖരിച്ച് പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പ് തീരുമാനം. വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന മുഴുവൻ പേരിലും ഇപ്പോൾ സ്രവ പരിശോധന നടത്തുന്നില്ല. നിരീക്ഷണ കാലയളവിൽ രോഗലക്ഷണം പ്രകടിപ്പിക്കുന്നവരിലും റാൻഡം ചെക്കിംഗ് എന്ന നിലയിലുമാണ് പരിശോധന. 


ന്യുമോണിയ ബാധിച്ച വസന്തകുമാറിന്റെ മരണ കാരണം ഹൃദയാഘാതമെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ദില്ലിയിൽ നിന്ന് കഴിഞ്ഞ പത്തിന് ആണ്  നാട്ടിലെത്തിയത്. ഹോം ക്വാറന്റൈനിലായിരുന്നു. കടുത്ത പനിയെ തുടർന്ന് 15 ന് സ്രവം പരിശോധനയ്ക്കെടുത്തു. 17ന് രോഗം സ്വീകരിച്ചതിനെത്തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധിച്ചു. ഐസിയുവിൽ പ്രവേശിപ്പിച്ച വസന്തകുമാറിനായി കഴിഞ്ഞ ദിവസം എറണാകുളത്തു നിന്നും ജീവൻ രക്ഷാ മരുന്ന് എത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ സ്ഥിതി കൂടുതൽ ഗുരുതരമായി. രാത്രി ഹൃദയാഘാതം ഉണ്ടായതിനു പിന്നാലെ രാവിലെ 9.55 നായിരുന്നു മരണം. സംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K