18 June, 2020 12:53:44 PM
കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം രോഗികൾക്കൊപ്പം കിടന്നത് മണിക്കൂറുകൾ
ചെന്നൈ: കോവിഡ് രോഗികൾക്കൊപ്പം കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹവും മണിക്കൂറുകളോളം സൂക്ഷിച്ച് ആശുപത്രി. ചെന്നൈയിലെ സ്റ്റാൻലി മെഡിക്കൽ കോളജ് ആശുപത്രിയിലാണു സംഭവം. മുപ്പതോളം കോവിഡ് രോഗികൾ ചികിത്സയിൽ കഴിയുന്ന വാർഡിലാണു സുരക്ഷാ മുൻകരുതലൊന്നും കൂടാതെ മൃതദേഹം സൂക്ഷിച്ചത്. രോഗിയുടെ തൊട്ടടുത്ത കട്ടിലിൽ കറുത്ത പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ മൃതദേഹം കിടത്തിയിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണു സംഭവം പുറത്തായത്.
തിങ്കളാഴ്ച രാവിലെയാണു രോഗി മരിച്ചത്. അതേസമയം, മൃതദേഹങ്ങൾ പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞു മോർച്ചറിയിലേക്കു മാറ്റണമെന്നാണു കോവിഡ് പ്രതിരോധ മാർഗനിർദേശമെന്നും മൃതദേഹം വാർഡിൽനിന്നു മാറ്റുന്ന സമയത്ത് ആരോ പകർത്തിയ ചിത്രമായിരിക്കാം പ്രചരിക്കുന്നതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കോവിഡ് രോഗികൾ നിറഞ്ഞ വാർഡിൽ അഞ്ചു മണിക്കൂറിലേറെ മൃതദേഹം കിടത്തിയതായി പരാതിയുണ്ട്. രോഗിയുടെ മൃതദേഹവും മറ്റുള്ളവരും തമ്മിൽ ഒരു സ്ക്രീൻ വച്ച് വേർതിരിച്ചിരുന്നുവെന്നാണു ഡോക്ടർമാർ അവകാശപ്പെടുന്നതെങ്കിലും അതൊന്നും ചിത്രത്തിൽ കാണാനില്ല. വ്യാപക വിമർശനം ഉയർന്നതോടെ ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു