16 June, 2020 11:50:28 PM
ഫ്രാങ്കോയ്ക്ക് തിരിച്ചടി: പീഡനകേസ് നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
കേസ് 26ന് വീണ്ടും പരിഗണിക്കും
കൊച്ചി: കോട്ടയം സെഷൻസ് കോടതി വിധിയെ ചോദ്യം ചെയ്ത് ബിഷപ്പ് ഫ്രാങ്കോ സമർപ്പിച്ച ഹർജിയിന്മേൽ ഹൈക്കോടതി ഇന്ന് വാദം കേട്ടു. പീഡന കേസിൽ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും തന്നെ പ്രതിസ്ഥാനത്തുനിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ബിഷപ്പ് ഫ്രാങ്കോ ഹൈക്കോടതിയെ സമീപിച്ചത്. പ്രതിക്ക് എതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും പീഡനവിധേയയായ കന്യാസ്ത്രീയുടെ മൊഴിയിലും മജി ടേസ്റ്റ് മുമ്പാകെ നൽകിയ മൊഴിയിലും പീഡനവിവരം വ്യക്തമായും ശക്തമായും വിസ്തരിക്കുന്നുണ്ടെന്നും രണ്ട് മുതൽ ആറ് വരെ സാക്ഷികൾ ഈ കാര്യങ്ങൾ അവരുടെ മൊഴികളിൽ വിവരിക്കുന്നുണ്ടെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചു.
കേസ് അന്യായമായി ദീർഘിപ്പിക്കുവാൻ വേണ്ടി മാത്രമാണ് ഹർജി ബോധിപ്പിച്ചിരിക്കുന്നത് എന്ന പ്രാസിക്യൂഷൻ വാദം അംഗീകരിച്ച് സ്റ്റേ നൽകുവാൻ ഹൈക്കോടതി വിസമ്മതിച്ചു. കൂടുതൽ വാദത്തിനായി ഈ മാസം 26ലേക്ക് കേസ് മാറ്റി. അഡ്വ. ജിതേഷ് ജെ.ബാബു ആണ് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ. പ്രതി ഭാഗത്തിനു വേണ്ടി സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. അലക്സ് ജോസഫും പ്രോസിക്യൂഷന് വേണ്ടി അഡ്വ.അംബികദേവി (സെപ്ഷ്യൽ പ്രാസിക്യൂട്ടർ വുമൺ ആന്റ് ചിൽഡ്രൻ)യും ഹാജരായി. ജൂലൈ 1ന് കോട്ടയം വിചാരണ കോടതി പ്രതി നിർബദ്ധമായി ഹാജരാകണമെന്ന് നിർദ്ദേശിച്ചതിനെ തുടർന്നാണ് ബിഷപ്പ് ഹൈക്കോടതിയെ സമീപിച്ചത്.