16 June, 2020 01:26:57 PM


ഒരു രാജ്യം, ഒരു പിഴ: വാഹനപരിശോധനയിൽ എഴുത്തും പേനയും വഴിമാറുന്നു

 

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന പരിശോധനയുടെ മുഖംമാറുന്നു. ഇനി എഴുത്തില്ല, പേനയില്ല, രസീതില്ല, ചോദ്യങ്ങളില്ല. എല്ലാം ഡിജിറ്റല്‍. ശരിയായ രേഖകളില്ലാത്ത വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ പിടിക്കും. വാഹനപരിശോധനയ്ക്കാവശ്യമായ പ്രത്യേക ഡിജിറ്റല്‍ ഉപകരണം സംസ്ഥാനത്ത് എത്തിച്ചു.
മോട്ടോര്‍വാഹന വകുപ്പ് കേന്ദ്രീകൃതമാകുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ പരിശോധന രാജ്യം മുഴുവന്‍ നടപ്പാക്കുകയാണ്. ഇതോടെ ഓരോ സംസ്ഥാനത്തെയും പിഴ പ്രത്യേകമായി അടയ്‌ക്കേണ്ട. പ്രത്യേകം പിഴത്തുകയും ഇല്ല.
മോട്ടോര്‍ വാഹനവകുപ്പിന്റെ പരിവഹന്‍ എന്ന കേന്ദ്രീകൃത വെബ്സൈറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്.


റോഡിലൂടെയെത്തുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥരുടെ പക്കലുള്ള പ്രത്യേക ഡിജിറ്റല്‍ ഡിവൈസിലൂടെ അറിയാനാകും. വാഹനത്തിന്റെ ഇന്‍ഷുറന്‍സ്, ടാക്സ്, ഫിറ്റ്നെസ്, അമിതവേഗം തുടങ്ങിയ സര്‍വ വിവരങ്ങളും ഞൊടിയിടയില്‍ അറിയാം.
നിയമലംഘനമുണ്ടെങ്കില്‍ അതിനുള്ള പിഴത്തുക ഡിവൈസില്‍ത്തന്നെ രേഖപ്പെടുത്തും. ഇത് പിന്നീട് വാഹന ഉടമയ്ക്ക് നോട്ടീസായി ലഭിക്കും.


ഓടിക്കുന്ന ആളിന്റെ ലൈസന്‍സിലെ പിഴവുകളും കണ്ടെത്താം. ഡ്രൈവറോ, വാഹനമോ മുമ്പ് കുറ്റകൃത്യങ്ങളില്‍ പെട്ടിട്ടുണ്ടോയെന്ന വിവരവും ഉപകരണത്തില്‍ ലഭ്യമാകും. മുമ്പ് ഒടുക്കിയ പിഴയുടെ വിവരങ്ങളും ലഭിക്കും. സംസ്ഥാനത്ത് കൊച്ചിയിലാണ് ആദ്യമായി ഡിജിറ്റല്‍ വാഹന പരിശോധന തുടങ്ങിയിട്ടുള്ളത്. താമസിയാതെ ഇത് 14 ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഇതോടെ കുറ്റകൃത്യങ്ങള്‍ കുറയുമെന്നാണ് വിലയിരുത്തല്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K