15 June, 2020 02:01:37 PM


പരാതിക്കാരിയായെത്തിയ 'യുവതി' പോലീസുകാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു


 

പെരിന്തൽമണ്ണ: സാധാരണ വേഷത്തിൽ പരാതി ബോധിപ്പിക്കാൻ യുവതി പോലീസ്‌സ്റ്റേഷനിൽ എത്തിയപ്പോൾ പ്രത്യേകിച്ചൊന്നും പോലീസുകാർക്ക് തോന്നിയില്ല. സ്റ്റേഷൻ പി.ആർ.ഒ. പതിവുപോലെ ഇരിക്കാനും പരാതി എഴുതിനൽകാനും പറഞ്ഞു. കെ.എസ്.ആർ.ടി.സി. ബസിൽവെച്ച് പഴ്‌സ് നഷ്ടപ്പെട്ട പരാതിയാണെന്നറിയിച്ചു. കൈപ്പറ്റ് രസീത് വേണ്ടെന്ന് പരാതിക്കാരി പറഞ്ഞെങ്കിലും നിർബന്ധമായും കൈപ്പറ്റണമെന്ന് പി.ആർ.ഒയും.


പരാതി രജിസ്റ്റർചെയ്യാൻ തുടങ്ങിയപ്പോഴാണ് യുവതി താൻ പുതിയതായി ചുമതലയേൽക്കുന്ന എ.എസ്.പി. ആണെന്ന് അറിയിച്ചത്. കഴിഞ്ഞദിവസം പെരിന്തൽമണ്ണ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ആയി നിയമിതയായ എം. ഹേമലതയാണ് ഇങ്ങനെയൊരു 'പരീക്ഷണം' നടത്തിയത്. പെരിന്തൽമണ്ണയെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും പ്രധാന ടൗൺ സ്റ്റേഷൻ എന്നനിലയിൽ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനാണ് ഇത്തരത്തിൽ എത്തിയതെന്ന് ഹേമലത പറഞ്ഞു.


പി.ആർ.ഒ ഷാജിയുടെ പെരുമാറ്റം വളരെ ഇഷ്ടപ്പെട്ടു. തമിഴ്‌നാട്ടുകാരിയായ തന്റെ ഭാഷാപ്രശ്നം പരിഹരിക്കുന്നതിന് ലളിതമായ ഇംഗ്ലീഷിലടക്കം കാര്യങ്ങൾ ചോദിച്ചറിയുകയും മനസ്സിലാക്കിത്തരികയുംചെയ്തു. കോവിഡ് കാലമായതിനാൽ കൈ വൃത്തിയാക്കാൻ സാനിറ്റൈസറും നൽകി. നിരവധി കേസുകൾ കൈകാര്യംചെയ്യുന്ന സ്റ്റേഷന്റെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്നും പോലീസുകാർ നല്ലരീതിയിലാണ് പ്രവർത്തിക്കുന്നതെന്നും ഹേമലത പറഞ്ഞു.


പെരിന്തൽമണ്ണയെയും പരിസരങ്ങളെയും അറിയുകയെന്ന ലക്ഷ്യത്തോടെയെത്തിയ എ.എസ്.പി. സ്റ്റേഷനിലുള്ളവരെ അഭിനന്ദിച്ചാണ് മടങ്ങിയത്. 2017-ലെ ഐ.പി.എസ്. കേരള ബാച്ചുകാരിയാണ് തമിഴ്‌നാട് ഈറോഡ് സ്വദേശിനിയായ ഹേമലത. മുൻപ് പാലക്കാട് അഗളിയിലായിരുന്നു. പാലക്കാട് വനം വകുപ്പിലെ ഐ.എഫ്.എസ്. ഓഫീസറാണ് ഭർത്താവ്. ചുമതലയേറ്റ് അഞ്ചുദിവസത്തിനകം രണ്ട് കേസുകളിലായി ആറുകിലോയോളം കഞ്ചാവ് എ.എസ്.പിയുടെ നേതൃത്വത്തിൽ പിടിച്ചെടുത്തിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K