15 June, 2020 12:01:52 AM
മണിയൻ പിള്ള രാജുവിനും 'ഷോക്കടിച്ചു'; വൈദ്യുതി ബിൽ ഇത്തവണ ആറ് ഇരട്ടി
തിരുവനന്തപുരം: മണിയൻ പിള്ള രാജുവിനും 'ഷോക്കടിച്ചു'. ഏഴായിരം രൂപയായിരുന്ന വൈദ്യുതി ബിൽ ഇത്തവണ 42000 രൂപയായി മാറി. ഇത് തീവെട്ടി കൊള്ളയാണെന്നും ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന സമയത്ത് കഴുത്തില്‍ കയറി ഞെക്കിപ്പിടിച്ചിരിക്കുകയാണ് കെ.എസ്.ഇ.ബിയെന്നുമാണ് മണിയന്‍പിള്ള രാജുവിന്റെ ആരോപണം. നടനും സംവിധായകനുമായ മധുപാലും ഉയര്‍ന്ന ബില്ലാണ് ലഭിച്ചതെന്ന് പരാതി പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടനും പരാതിയുമായി എത്തി.
എന്നാൽ ലോക്ക്ഡൗൺ കാരണം റീഡിങ്ങ് എടുക്കാൻ വൈകിയതും, വേനൽക്കാല ഉപഭോഗം കൂടിയതും അടുത്ത സ്ലാബിലേക്ക് കടന്നതുമാണ് ബിൽ കൂടാൻ കാരണമെന്നായിരുന്നു കെഎസ്ഇബിയുടെ വിശദീകരണം. ലോക്ക്ഡൗണ്‍ കാലത്ത് വീടുകളിലെത്തി നേരിട്ട് റീഡിംഗ് എടുക്കാനാകാത്ത സാഹചര്യത്തില്‍ കൊണ്ടുവന്ന ശരാശരി ബില്ലിംഗാണ് വ്യാപക പരാതിക്ക് വഴിവച്ചത്. ലോക്ക്ഡൗണ്‍ കൂടി വന്നതോടെ ഏപ്രില്‍, മെയ് മാസങ്ങളില്‍ ഉപഭോഗം വന്‍തോതില്‍ ഉയര്‍ന്നെന്നും അതാണ് ബില്ലില്‍ കാണുന്നതെന്നുമാണ് കെ.എസ്.ഇ.ബി പറയുന്നത്.
ലോക്ക്ഡൗണിന് ശേഷം വന്ന കറണ്ട് ബിൽ ഉപഭോക്താക്കളെ കുറച്ചൊന്നുമല്ല ഷോക്കടിപ്പിച്ചത്. പലർക്കും മൂന്നിരട്ടിയും നാലിരട്ടിയുമൊക്കെയാണ് ഇത്തവണ ബിൽ വന്നത്. പലരും ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ്ബുക്കിലും മറ്റും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.