14 June, 2020 05:53:31 PM
സ്ഥാപനങ്ങൾ അടച്ചിട്ടിരുന്ന കാലത്തെ ബിൽ തുക തിരികെ ലഭിക്കും - കെഎസ്ഇബി ചെയർമാൻ
തിരുവനന്തപുരം: ഗാർഹികേതര വൈദ്യുതി ഉപഭോക്താക്കൾക്ക് ആശ്വാസം. സ്ഥാപനങ്ങൾ അടച്ചിട്ടിരുന്ന കാലത്തെ വൈദ്യുതിബിൽ തുക തിരികെ ലഭിക്കുമെന്ന് കെഎസ്ഇബി ചെയർമാൻ എന്‍.എസ് പിള്ള. ഇനിയുള്ള മാസങ്ങളിലെ ബില്ലുകളിൽ ലോക്ഡൗൺ ബില്ലിലെ തുക കുറയ്ക്കും. ഫിക്സഡ് ചാർജിൽ 25 ശതമാനം ഒഴിവാക്കുകയും ചെയ്യും. ബാക്കി തുക ഡിസംബർ 15 ന് അകം അടച്ചാൽ മതിയെന്നും അദ്ദേഹം അറിയിച്ചു.
ഉപഭോക്താക്കളില്‍ നിന്ന് അധികതുക ഈടാക്കിയിട്ടില്ല. ബില്ലിൽ ആർക്ക് പരാതിയുണ്ടെങ്കിലും പരിഹരിക്കും. ഒരു ലക്ഷത്തോളം പരാതികളിൽ അഞ്ച് ശതമാനം കേസുകളിൽ മാത്രമാണ് ബിൽ തുക ഉയർന്നതായി കണ്ടെത്തിയത്- എൻ.എസ് പിള്ള ചൂണ്ടിക്കാട്ടി.
ലോക്ഡൗണ്‍ കാലത്ത് വൈദ്യുതി ഉപഭോഗം വർധിച്ചിട്ടുണ്ട്. മീറ്ററില്‍ രേഖപ്പെടുത്തപ്പെട്ട ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ബില്ല് നൽകിയിരിക്കുന്നത്. സിനിമാ താരങ്ങളായ മണിയൻ പിള്ള രാജുവും മധുപാലും ഉയർത്തിയ ആരോപണങ്ങളും ചെയർമാൻ തള്ളി. ഇവരുടെ വീടുകൾ പൂട്ടിയിട്ടിരിക്കുകയായിരുന്നു. വീട് അടച്ചിടിരിക്കുന്ന സന്ദർഭത്തിൽ റീഡിംഗ് എടുക്കാൻ സാധിക്കാതെ വന്നാൽ മൂന്ന് മുൻമാസത്തിലെ ശരാശരി എടുത്ത് ബില്ലായി തരും. അതുകൊണ്ടാണ് ഇത്തരത്തിൽ ബില്ല് വന്നതെന്നും ചെയർമാൻ മറുപടി നൽകി.