11 June, 2020 08:29:39 PM


വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: കോളേജിന് വീഴ്ച പറ്റിയെന്ന് വൈസ് ചാന്‍സലര്‍




കോട്ടയം: കോപ്പിയടി ആരോപണത്തെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിവിഎം കോളേജിന് വീഴ്ചപറ്റിയെന്ന് എംജി സർവകലാശാല വൈസ് ചാൻസലർ സാബു തോമസ്. കുറ്റം ആരോപിക്കപ്പെട്ടിട്ടും വിദ്യാർഥിനിയെ കൂടുതൽ സമയം ഇരുത്തിയത് കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങൾ രഹസ്യമാക്കി വെക്കേണ്ടതാണ്. സർവകലാശാലയ്ക്കാണ് അത് ആദ്യം കൈമാറേണ്ടത്. പൊതുജനത്തിന് കൈമാറാൻ പാടില്ലാത്തതായിരുന്നു. അതുപോലെ ക്രമക്കേട് വരുത്തിയ ഹാൾ ടിക്കറ്റ് യൂണിവേഴ്സിറ്റിക്കാണ് നൽകേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോളേജ് വിഷയം ഗൗരവത്തിലെടുത്തില്ല. സംഭവം നടന്ന അന്നുവൈകീട്ട് ഏഴുമണിയ്ക്കും ഏഴരയ്ക്കും ഇടയിൽ ബിവിഎം കോളേജ് വൈസ് പ്രിൻസിപ്പൽ റിപ്പോർട്ട് തന്നിരുന്നു. ഹാൾ ടിക്കറ്റിന്റെ ഫോട്ടോകോപ്പി അടക്കമാണ് റിപ്പോർട്ട് നൽകിയത്.


പരീക്ഷാകേന്ദ്രങ്ങൾ കുറച്ചുകൂടി വിദ്യാർഥി സൗഹൃദമാക്കേണ്ടതുണ്ട്. ഭാവിയിൽ ഇത്തരം സംഭവമുണ്ടായാൽ മാതാപിതാക്കളെ അറിയിക്കുന്ന രീതിയുണ്ടാകണം. സർവകലാശാല പരീക്ഷകളിൽ നവീന രീതികൾ ആരംഭിക്കേണ്ട കാലമായി. ഹാൾടിക്കറ്റിന്റെ ആവശ്യമില്ല, ഇലക്ട്രോണിക് മീഡിയയിലൂടെ നമുക്ക് അത് ചെയ്യാൻ സാധിക്കും. ഇത്തരം കാര്യങ്ങൾ സിൻഡിക്കേറ്റ് ചർച്ച ചെയ്യുമെന്നും വിസി അറിയിച്ചു. അഞ്ജുവിന്റെ മരണത്തിൽ ഇടക്കാല റിപ്പോർട്ടാണ് നിലവിൽ സർവകലാശാല പുറത്തിറക്കിയിരിക്കുന്നത്.


സംഭവത്തിൽ പരീക്ഷാഹാളിലുണ്ടായിരുന്ന മറ്റു കുട്ടികളുടെ കൂടി മൊഴിയെടുക്കേണ്ടതുണ്ട്. പരീക്ഷ അവസാനിച്ച ശേഷമായിരിക്കും മൊഴിയെടുക്കുക. പോലീസിന്റെ കൈവശമുളള കുട്ടിയുടെ ഹാൾടിക്കറ്റും സർവകലാശാലയ്ക്ക് പരിശോധിക്കേണ്ടതുണ്ട്. കോപ്പിയടി ആരോപണം സത്യമാണോ എന്നാണ് അന്വേഷിച്ചറിയാനുള്ളത്. അതിന് ആദ്യം കാലിഗ്രാഫി റിപ്പോർട്ട് വരേണ്ടതുണ്ട്. അതിനാണ് കാത്തിരിക്കുന്നത്.  തുടർന്നായിരിക്കും മറ്റുനടപടികൾ. ഒരാഴ്ചയ്ക്കുള്ളിൽ ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K