09 June, 2020 05:02:36 PM
ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ചീഫ് സെക്രട്ടറിയുടെ ക്ഷേത്ര ദർശനം വിവാദത്തില്‍
തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ക്ഷേത്ര ദർശനം. ജൂൺ 30 വരെ ഭക്തർക്ക് വിലക്കുള്ള പദ്മനാഭ സ്വാമി ക്ഷേത്രത്തിലാണ് ചീഫ് സെക്രട്ടറിയും കുടുംബവും ദർശനം നടത്തിയത്. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ചീഫ് സെക്രട്ടറിയും കുടുംബവും പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയത്. ഒരു കേന്ദ്ര സർവീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നു പേരും ചീഫ് സെക്രട്ടറിയോടൊപ്പം ഉണ്ടായിരുന്നു.
ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ വി രതീശന്റെ സാന്നിധ്യത്തിലായിരുന്നു ദർശനം. ഇന്നലെ ചേർന്ന ഭരണ സമിതി യോഗത്തിൽ ഇക്കാര്യം ചർച്ചയായി. ക്ഷേത്ര ഭരണ സമിതി ചെയർമാനും പ്രിൻസിപ്പൽ ജില്ലാ ജഡ്ജുമായ കെ ബാബു കടുത്ത വിമർശനമാണ് ഉയർത്തിയത്. ലോക്ക് ഡൗൺ കലത്ത് ആചാരപ്രകാരം ക്ഷേത്രാധികാരികളായ തിരുവിതാംകൂർ കൊട്ടാര പ്രതിനിധികൾ പോലും ദർശനം നടത്തുന്നില്ലെന്ന് കൊട്ടാരം പ്രതിനിധി ആദിത്യ വർമ പറഞ്ഞു. വിലക്കു ലംഘിച്ചുള്ള ചീഫ് സെക്രട്ടറിയുടെ ക്ഷേത്ര ദർശനത്തിൽ വിശ്വാസികളും എതിർപ്പിലാണ്.