09 June, 2020 04:26:45 PM
ബസ് ചാർജ് കുറച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു; ഇടപെടല്‍ ബസുടമകളുടെ ഹര്‍ജിയില്‍
കൊച്ചി: സംസ്ഥാനത്ത് ബസ് ചാർജ് കുറച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ബസുടമകളുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. ശാരീരിക അകലം പാലിച്ച് സർവീസ് നടത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിരക്ക് കൂട്ടിയിരുന്നു. പിന്നീടിത് കുറക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് ഉത്തരവ്.
സര്‍ക്കാരിന്റെ പുതിയ ഉത്തരവ് വരുന്നത് വരെയാണ് സ്റ്റേ. അതുവരെ കൂട്ടിയ ബസ് നിരക്ക് ഉടമകള്‍ക്ക് ഈടാക്കാം. 50 ശതമാനം സീറ്റ് ഒഴിച്ചിട്ടിരുന്ന ഘട്ടത്തിലാണ് നിരക്ക് കൂട്ടിയതെന്നും ഇപ്പോള്‍ അതല്ല അവസ്ഥയെന്നും അത് കൊണ്ടാണ് ഉത്തരവ് വഴി ഫീസ് കുറക്കാന്‍ നിര്‍ദ്ദേശിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ലോക്ക്ഡൗണ്‍ ഇളവ് ചെയ്യുമ്പോള്‍ സര്‍വീസ് ദാതാക്കളുടെ സാമ്പത്തിക അവസ്ഥയും കൂടി കണക്കില്‍ എടുക്കണമെന്ന് കോടതി നിർദേശിച്ചു. ഇപ്പോള്‍ ഒരു സീറ്റില്‍ 2 പേര്‍ക്ക് ഇരിക്കാന്‍ അനുമതി ഉണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിന്നുകൊണ്ട് യാത്ര ചെയ്യാന്‍ പാടില്ല എന്ന് തന്നെ ആണ് സർക്കാര്‍ തീരുമാനം. അങ്ങനെ യാത്ര ചെയ്യാന്‍ അനുവദിച്ചാല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് അനുമതി ഉണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.