08 June, 2020 05:52:16 PM
ലോക്ക്ഡൗണിൽ ക്ഷേത്രം തുറക്കാൻ പറഞ്ഞവര്‍ ഇപ്പോൾ അടയ്ക്കാൻ പറയുന്നു - എൻ.വാസു
തിരുവനന്തപുരം: ലോക്ക് ഡൗണിൽ ക്ഷേത്രം തുറക്കാൻ പറഞ്ഞവരാണ് ഇപ്പോൾ അടയ്ക്കാൻ പറയുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു. ഭക്തരുടെ ആവശ്യത്തെ ഇപ്പോൾ എതിർക്കുന്നവർ മറ്റ് താത്പര്യങ്ങളുള്ളവരാണെന്നും ദേവസ്വം ബോർഡ് സർക്കാർ തീരുമാനത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങൾ തുറക്കാനുള്ള സർക്കാർ നീക്കത്തിൽ ദുരൂഹതയെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനാണ് ആരോപിച്ചത്. ക്ഷേത്രപ്രവേശനം ഭക്തരോ ക്ഷേത്ര സമിതികളോ ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും ക്ഷേത്രം തുറക്കുന്നത് ആരോടുള്ള താത്പര്യമാണെന്ന് അദ്ദേഹം ചോദിച്ചു. ക്ഷേത്രങ്ങൾ ഉടൻ തുറക്കാനുള്ള തീരുമാനം തബ് ലീഗിനെ പോലെ ഹിന്ദു ആരാധനാലയങ്ങളെ പ്രതിക്കൂട്ടിൽ നിർത്താനുള്ള സർക്കാരിന്റെ ഹിഡൻ അജൻഡയാണോയെന്ന് സംശയിക്കുന്നതായും ഗോപാലകൃഷ്ണൻ മാധ്യമങ്ങളോടു പറഞ്ഞു.
നേരത്തെ, ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ തുറക്കരുതെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടിരുന്നു. ഹിന്ദു സംഘടനയുടെ അഭിപ്രായം തേടാതെയാണ് ക്ഷേത്രം തുറക്കാൻ സർക്കാർ തീരുമാനം എടുത്തത്. സർക്കാരിന്റെ സാന്പത്തിക പ്രതിസന്ധി മറികടക്കാൻ ക്ഷേത്രം തുറക്കേണ്ട ആവശ്യമില്ല. ഭക്തർ ക്ഷേത്ര ദർശനത്തിൽ നിന്ന് പരമാവധി വിട്ട് നിൽക്കണം. ഹിന്ദു ഐക്യവേദിയുടെ കീഴിലുള്ള ക്ഷേത്രങ്ങൾ ഭക്തരെ പ്രവേശിപ്പിക്കില്ലെന്നും സംഘടന അറിയിച്ചു.