08 June, 2020 12:21:30 PM


ക്ഷേത്രപ്രവേശനം ഉടന്‍ വേണ്ട; തല്‍സ്ഥിതി തുടരട്ടെയെന്ന് തന്ത്രി സമാജം




തിരുവനന്തപുരം: കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകളുമായി ആരാധനാലയങ്ങൾ തുറക്കാമെന്ന സര്‍ക്കാർ നിർദേശം ഉണ്ടായിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ തീരുമാനം അടിയന്തിരമായി നടപ്പാക്കേണ്ടിതില്ലെന്ന് ആവശ്യ​പ്പെട്ട് മുഖ്യമന്ത്രിക്ക് അഖില കേരള തന്ത്രി സമാജം ഉത്തര മേഖലയുടെ കത്ത്. ലോക്ക്ഡൗൺ കാലത്ത് ഭക്തരെ പ്രവേശിപ്പിക്കുന്നില്ല എന്നതൊഴിച്ചാല്‍ ക്ഷേത്ര കാര്യങ്ങളില്‍ ഒരു മുടക്കവും ഇല്ലായിരുന്നു. തല്‍സ്ഥിതി അല്‍പ്പ കാലത്തേക്ക് കൂടി മുമ്പോട്ട് കൊണ്ടുപോകുന്നതാണ് നല്ലതെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.


തിരക്ക് കുറഞ്ഞ ക്ഷേത്രങ്ങളിൽ ആദ്യം എന്ന ക്രമത്തിൽ നിയന്ത്രണങ്ങളിൽ ഘട്ടം ഘട്ടമായി മാത്രം ഇളവ് നൽകിയാൽ മതിയെന്നും നാലമ്പലത്തിന് അകത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നതില്‍ നിയന്ത്രണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ധൃതിപിടിച്ച് ക്ഷേത്രങ്ങള്‍ ആരാധനയ്ക്കായി തുറന്നു നല്‍കരുതെന്ന ആവശ്യവുമായി ക്ഷേത്രസംരക്ഷണസമിതി പോലുള്ള ഹൈന്ദവസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.


സംസ്ഥാനത്തെ സാഹചര്യങ്ങൾ മുന്‍ നിര്‍ത്തി ക്രിസ്ത്യന്‍, മുസ്ലീം ദേവാലയങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ തങ്ങളുടെ ആരാധനാലയങ്ങൾ തുറക്കില്ലെന്ന് നേരത്തെ നിലപാട് എടുത്തിരുന്നു. പള്ളികൾ തുറക്കാൻ അനുമതി നല്കിയ സമയത്തെ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വിലയിരുത്തല്‍. മലപ്പുറത്തെ പള്ളികൾ തുറക്കേണ്ടെന്ന തീരുമാനം ജില്ലാ മുസ്ലിം കോ- ഓഡിനേഷൻ കമ്മറ്റി എടുത്തിട്ടുണ്ട്. സർക്കാർ നിർദ്ദേശിച്ച നിബന്ധനകൾ പാലിച്ച് നിലവിലെ സാഹചര്യത്തിൽ പള്ളികളിൽ പ്രാർത്ഥനകൾ നടത്താനാവില്ല. എല്ലാവരുടെയും അഭിപ്രായ പ്രകാരമാണ് ഈ തീരുമാനമെന്നും ചെയര്‍മാന്‍ സാദിഖലി തങ്ങൾ വ്യക്തമാക്കിയിരുന്നു.


ഈ മാസം 30 വരെ പള്ളികള്‍ തുറക്കേണ്ടെന്ന് എറണാകുളം –അങ്കമാലി അതിരൂപതയും തീരുമാനിച്ചിട്ടുണ്ട്. എറണാകുളം –അങ്കമാലി ആര്‍ച്ച് ബിഷപ് മാര്‍ ആന്‍റണി കരിയിലാണ് തീരുമാനം എടുത്തിരിക്കുന്നത്. മറ്റു രൂപതകളുടെ കാര്യത്തില്‍ തീരുമാനം പിന്നീട് കൈക്കൊള്ളും. തീര്‍ഥാടന കേന്ദ്രങ്ങളായ ദേവാലയങ്ങൾ ഉടനെ തുറക്കേണ്ടെന്നുമാണ് പൊതുവിലുള്ള ധാരണ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K