07 June, 2020 05:21:00 PM
"പൊല്ലാപ്പ്'..! ഇത് ഞങ്ങളിങ്ങെടുക്കുവാ...; പോലീസ് ആപ്പിന് പേരായി
തിരുവനന്തപുരം: ഒടുവിൽ എല്ലാവരും ഇഷ്ടപ്പെട്ട ആ "പൊല്ലാപ്പ്' തന്നെ "തലയിൽക്കെട്ടാൻ' പോലീസ് തീരുമാനിച്ചു. ഇത് ഞങ്ങളിങ്ങെടുക്കുകയാണെന്ന കുറിപ്പോടെയാണ് പൊല്ലാപ്പ് പോലീസ് സ്വന്തമാക്കിയത്. അതു മാത്രമല്ല പൊല്ലാപ്പുകാരന് സമ്മാനം കൊടുക്കാനും തീരുമാനിച്ചു. കേരളാപോലീസിന്റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ സംയോജിപ്പിച്ചുകൊണ്ട് തയാറാക്കിയ പുതിയ മൊബൈൽ ആപ്പിനാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായ പൊല്ലാപ്പ് എന്ന പേര് പോലീസ് തെരഞ്ഞെടുത്തത്. പേര് നിർദേശിച്ച സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽനിന്ന് ലഭിച്ച പേരാണ് തെരഞ്ഞെടുത്തത്.
പുതിയ ആപ്പിന് പേര് നിർദേശിക്കാൻ പോലീസ് ഒദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അവസരം നൽകിയിരുന്നു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്ത് നിർദേശിച്ച പേര് പൊല്ലാപ്പ്...എന്നായിരുന്നു. പോലീസിന്റെ പോല് ഉം ആപ്പിന്റെ ആപ്പ് ഉം. തെങ്ക്സ് എന്നായിരുന്നു ശ്രീകാന്തിന്റെ കമന്റ്. ഇതോടെ ആപ്പിന് പേരിടുന്നവരേക്കാൾ ഈ കമന്റിനെ ട്രോളുന്നവരായി കൂടുതൽ.
ശ്രീകാന്തിന്റെ കമന്റിന് ലഭിച്ചൊരു പ്രതികരണം "ഇത്രയും ചങ്കൂറ്റം എന്റെ ചാൾസ് ശോഭാരാജിൽപോലും കണ്ടിട്ടില്ലെ'ന്നായിരുന്നു. പോലീസ് ഒടുവിൽ, നിർദേശിക്കപ്പെട്ട പേരുകളിൽ ഏറെപ്പേർക്ക് ഇഷ്ടപ്പെട്ടതും സമൂഹമാധ്യമങ്ങളിൽ ഏറെ സ്വീകാര്യതലഭിച്ചതുമായ ശ്രീകാന്തിന്റെ പൊല്ലാപ്പ് സ്വീകരിച്ചു. മൊബൈൽ ആപ്പുകൾ സംയോജിപ്പിച്ചുകൊണ്ടുള്ള പോലീസിന്റെ പുതിയ ആപ്പിന് അങ്ങനെ പേരായി പൊല്ലാപ്പ് ("POL-APP' ). പേര് നിർദേശിച്ച ശ്രീകാന്തിന് സംസ്ഥാന പോലീസ് മേധാവി ഉപഹാരം നൽകും. ഈ മാസം പത്തിന് ഓൺലൈൻ റിലീസിംഗിലൂടെ ആപ് ഉദ്ഘാടനം ചെയ്യും.
പൊതുജനസേവന വിവരങ്ങൾ, സുരക്ഷാമാർഗ നിർദ്ദേശങ്ങൾ, അറിയിപ്പുകൾ, കുറ്റകൃത്യ റിപ്പോർട്ടിംഗ്, പോലീസ് സ്റ്റേഷനിലേക്കുള്ള നാവിഗേഷൻ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാനിർദ്ദേശങ്ങൾ, ജനമൈത്രി സേവനങ്ങൾ, സൈബർ ബോധവൽക്കരണം ട്രാഫിക് നിയമങ്ങൾ, ബോധവൽക്കരണ ഗെയിമുകൾ, പോലീസ് ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും ഫോൺനമ്പറുകളും ഇ-മെയിൽ വിലാസങ്ങൾ, ഹെൽപ്പ്ലൈൻ നമ്പറുകൾ, വെബ്സൈറ്റ് ലിങ്കുകൾ, സോഷ്യൽ മീഡിയ ഫീഡുകൾ തുടങ്ങി 27 സേവനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് സമഗ്രമായ മൊബൈൽ ആപ്പ് തയാറക്കിയിരിക്കുന്നത്.