07 June, 2020 11:45:28 AM


ബാറുകളുടെ രക്ഷകനായി ആപ്പ്: ടോക്കൺ കുറഞ്ഞു; ബെവ്കോയുടെ നട്ടെല്ലൊടിക്കുമെന്ന് ആശങ്ക

- സ്വന്തം ലേഖകന്‍



തിരുവനന്തപുരം: മദ്യ വിതരണം എളുപ്പത്തിലാക്കാൻ എക്സൈസ് ഏർപ്പെടുക്കിയ ബെവ്കോ ആപ് ബിവറേജസ്  ഔട്ട്ലെറ്റുകൾക്ക് തിരിച്ചടിയാകുന്നു. ബെവ് ക്യൂ ആപ്പ് വീണ്ടും തകരാറിലായതും ബുക്കിംഗ് കുറഞ്ഞതും ബിവറേജസ് കോർപ്പറേഷന് കോടികളുടെ വരുമാന നഷ്ടമുണ്ടാക്കി. ശനിയാഴ്ച 2.5 ലക്ഷം ടോക്കൺ മാത്രമാണ് നൽകിയത്. ശനിയാഴ്ച ഉച്ചവരെ 100-120 ടോക്കണുകളാണ് ആപ് വഴി നൽകാനായത്. ഇതോടെ ബെവ്കോ ഔട്ട്ലെറ്റുകളിലെ കച്ചവടവും കുറഞ്ഞു. തുടർച്ചയായ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി. 


പിൻകോഡ് അടിസ്ഥാനമാക്കി ബുക്കിംഗ് ആരംഭിച്ചതോടെ കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾക്കുള്ള ബുക്കിംഗ് വീണ്ടും കുറഞ്ഞു. ആപ് പ്രബല്യത്തിൽ വന്ന ആദ്യദിവസങ്ങളിൽ നാലരലക്ഷം ടോക്കണുകളാണ് വിതരണം ചെയ്തത്. ഇതാണ് ശനിയാഴ്ച രണ്ടര ലക്ഷമായി കുറഞ്ഞത്. ചില ഷോപ്പുകളിൽ നൽകിയ ടോക്കണുകളിൽ മദ്യം വാങ്ങാനെത്തേണ്ട സമയം രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇത്തരം കൂപ്പണുകളുമായി എത്തുന്നവർക്ക് മദ്യം നൽകാൻ ഔട്ട്ലെറ്റുകൾക്ക് കോർപ്പറേഷൻ നിർദേശം നൽകിയിരുന്നു. 


അതേസമയം ശനിയാഴ്ച ബെവ്കോ ഔട്ട്ലെറ്റുകളിൽ തിരക്ക് കുറവായിരുന്നെങ്കിലും മിക്ക ബാറുകളിലും നല്ല തിരക്കായിരുന്നു. ടോക്കന്‍ വിതരണം കാര്യക്ഷമമല്ലാതായതോടെ പല ബാറുകളിലും ടോക്കണില്ലാതെയും മദ്യം നൽകുന്നുണ്ട്. കോടികളുടെ വരുമാന നഷ്ടമുണ്ടായ സാഹചര്യത്തിൽ എത്രയും വേഗം ആപ് ഒഴിവാക്കിയുള്ള കച്ചവടം പുനരാരംഭിക്കുന്നതിനുള്ള സാധ്യതകളും കോർപറേഷൻ പരിശോധിക്കുന്നുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K