06 June, 2020 09:32:59 PM
വ്യാജ പ്രൊഫൈല്‍ നല്‍കി പെണ്‍കുട്ടികളെ വശീകരിച്ച് തട്ടിപ്പ്: രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കൊല്ലം: ഇന്‍സ്റ്റാഗ്രാമില്‍ വ്യാജ പ്രൊഫൈല്‍ ഫോട്ടോ നല്‍കി പെണ്‍കുട്ടികളെ വശീകരിച്ച ശേഷം സ്വര്‍ണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത് കടക്കുന്ന സംഘത്തിലെ കുളത്തൂപ്പുഴ സ്വദേശികളായ രണ്ടുപേരെ ഇരവിപുരം പൊലീസ് പിടികൂടി. തൃശൂരില്‍ എന്‍ട്രന്‍സ് കോച്ചിംഗിന് പഠിക്കുന്ന ഇരവിപുരം സ്വദേശിയായ പെണ്‍കുട്ടിയുടെ സ്വര്‍ണം തട്ടിയെടുത്ത് കടന്ന സംഭവത്തില്‍ കുളത്തൂപ്പുഴ തിങ്കള്‍ക്കരിക്കം സാം നഗര്‍ കളയ്ക്കാട് ഹൗസില്‍ സിജിന്‍ സാബു (20), സാംനഗര്‍ ഷാന്‍ മന്‍സിലില്‍ മുഹമ്മദ് ഷാന്‍ (18) എന്നിവരാണ് പിടിയിലായത്.
ഇന്‍സ്റ്റാഗ്രാമില്‍ വ്യാജ പ്രൊഫൈല്‍ ഫോട്ടോ നല്‍കി പരിചയപ്പെട്ട പെണ്‍കുട്ടിയോട് ഒരു സ്വര്‍ണ ലോക്കറ്റ് വാങ്ങി വച്ചിട്ടുണ്ടെന്നും അത് തരാന്‍ എവിടെ എത്തണമെന്നും സിജിന്‍ ചോദിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീടിന്റെ ലൊക്കേഷന്‍ അയച്ചുകൊടുത്തു. തുടര്‍ന്ന് ഇക്കഴിഞ്ഞ 24ന് പുലര്‍ച്ചെ രണ്ടുമണിയോടെ പെണ്‍കുട്ടിയുടെ ഇരവിപുരത്തെ വസതിയിലെത്തിയ പ്രതികള്‍ വീടിനുള്ളില്‍ കയറി ലോക്കറ്റിട്ട് തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ സ്വര്‍ണമാല വാങ്ങിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോള്‍ പ്രതികളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. പിടിയിലാകുമ്പോള്‍ പ്രതിയുടെ കൈയ്യിലുണ്ടായിരുന്ന ഫോണിലെ സിം കാര്‍ഡ് ഒരു സ്ത്രീയുടെ പേരിലുള്ളതായിരുന്നു. നിരവധി പെണ്‍കുട്ടികള്‍ ഇത്തരത്തിലുള്ള ഇവരുടെ തട്ടിപ്പിനിരയായതായി പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ വ്യക്തമായി.
തട്ടിയെടുത്ത മാല കുളത്തൂപ്പുഴയിലെ ഒരു ജുവലറിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. പ്രതികള്‍ സഞ്ചരിച്ച ബൈക്കും മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തു. സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം കൊല്ലം എ.സി.പി എ. പ്രദീപ് കുമാറിന്റെ മേല്‍നോട്ടത്തില്‍ ഇരവിപുരം എസ്.എച്ച്.ഒ.വിനോദ്, എസ്.ഐ മാരായ അനീഷ്, ബിനോദ്, ഗ്രേഡ് എസ്.ഐ സുനില്‍, എ.എസ്.ഐ ഷിബു പീറ്റര്‍, സി.പി.ഓ. വിനു വിജയന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.