06 June, 2020 08:48:43 PM


പ്രവാസികൾക്ക് വീടുകളില്‍ കഴിയാം; ഒരാഴ്ചത്തെ നിർബന്ധിത സർക്കാർ ക്വാറന്‍റീന്‍ ഒഴിവാക്കി



തിരുവനന്തപുരം: ഒരാഴ്ചത്തെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ നിന്ന് സർക്കാർ പിന്മാറുന്നു. മടങ്ങി എത്തുന്ന പ്രവാസികൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കും അവരവരുടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാം. ഇതിന് വീടുകളെയും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ കേന്ദ്രങ്ങളായി പരിഗണിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. മതിയായ സൗകര്യമുണ്ടെന്ന് ജില്ലാ ഭരണകൂടമോ തദ്ദേശ സ്ഥാപനങ്ങളോ അംഗീകരിക്കുന്ന വീടുകളിൽ പ്രവാസികൾക്ക് താമസിക്കാം. ഇവർ 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ തുടരണമെന്നാണ് നിർദ്ദേശം.


ക്വാറന്റീൻ മാർഗനിർദേശങ്ങൾ പുതുക്കി ആരോഗ്യവകുപ്പും ഉത്തരവിറക്കി. പ്രവാസികൾ 14 ദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിയണം. അതിനുശേഷം 14 ദിവസം വീടുകളിലെ മുഴുവൻ പേരും നിരീക്ഷണത്തിൽ കഴിയണം. നിരീക്ഷണ കാലയളവിൽ ഒഴിവാക്കാനാകാത്ത ആവശ്യങ്ങൾക്കു മാത്രമേ വീട്ടുകാർ പുറത്തേക്കു പോകാവൂ. നിരീക്ഷണ കാലയളവിൽ രോഗലക്ഷണമുള്ളവർ ദിശയിൽ അറിയിക്കണമെന്നും നിർദേശമുണ്ട്.


നിലവിൽ പ്രവാസികൾക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കും ഏഴു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ നിർബന്ധമാണ്. അതിനുശേഷം ഏഴുദിവസം വീടുകളിലും ക്വാറന്റീൻ വേണമെന്നാണ് നിർദേശം. ചെലവ് താങ്ങാനാകാത്തതിനാൽ സൗജന്യ ക്വാറന്റീൻ അവസാനിപ്പിക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.  ഇതിനെതിരെ,  ശക്തമായ പ്രതിഷേധം ഉയർന്നതോടെ തീരുമാനം മരവിപ്പിച്ചു.


പാവങ്ങൾക്ക് സൗജന്യ ക്വാറന്റീൻ ഉറപ്പാക്കുമെന്ന് പിന്നീട് സർക്കാർ നിലപാട് തിരുത്തുകയും ചെയ്തു. അതിനു ശേഷമാണ് ഇപ്പോൾ ഹോം ക്വാറന്റീൻ മാത്രം മതിയെന്ന തീരുമാനത്തിലേക്ക് എത്തിയത്.വീടുകളിൽ‌ സൗകര്യമില്ലാത്തവർക്ക് സർക്കാരിന്റെ സൗജന്യ ക്വാറന്റീൻ തുടരും. ഈ മാസം മാത്രം ഒരു ലക്ഷത്തിൽ അധികം പ്രവാസികൾ നാട്ടിലേക്ക് തിരിച്ചെത്തുമെന്നാണ് സർക്കാരിന്റെ കണക്ക്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K