05 June, 2020 03:24:54 PM
'മലപ്പുറം വിദ്വേഷ' പ്രചാരണം; മനേക ഗാന്ധിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബർ വാരിയേഴ്സ്
ദില്ലി: പാലക്കാട് മണ്ണാർക്കാട് ഗര്‍ഭിണിയായ ആന ചരിഞ്ഞതുമായി ബന്ധപ്പെട്ടുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്ക് മറുപടിയായി മനേക ഗാന്ധിയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് സംഘടനയുടെ സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്സ്. ആന ചരിഞ്ഞത് മലപ്പുറത്താണ് എന്ന് ആദ്യം പ്രതികരിച്ചത് മനേക ഗാന്ധിയായിരുന്നു. ഇതിന് പിന്നാലെയാണ് വിദ്വേഷ പ്രചാരണം ശക്തമായത്. ടെലിവിഷൻ അഭിമുഖത്തിനിടെ മലപ്പുറം ജില്ലയെ അപമാനിക്കുന്ന വിധത്തിൽ മനേക ഗാന്ധി സംസാരിച്ചതാണ് പ്രതിഷേധങ്ങൾക്ക് കാരണം.
'മനേക ഗാന്ധി ഒരു ആനയുടെ മരണം മോശം രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുന്നു. ഒപ്പം ആന ചെരിഞ്ഞ അമ്പലപ്പാറ പ്രദേശം പാലക്കാടാണെന്ന് തെളിയിക്കാന്‍ ഗൂഗിള്‍ മാപ്പ് ചിത്രവും സൈറ്റില്‍ നല്‍കിയിട്ടുണ്ട്. നിങ്ങളുടെ അജണ്ട കൃത്യമാണെന്നും നിങ്ങളുടെ മൃഗസ്നേഹം മുസ്ലീം വിരോധത്തിന്‍റെ മുഖംമൂടിയാണെന്നും. എംപിയും, മുന്‍ മന്ത്രിയുമായ താങ്കളുടെ വ്യാജപ്രചാരണം രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും' സൈറ്റില്‍ കേരള സൈബർ വാരിയേഴ്സ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം മലപ്പുറം ജില്ലയെ അവഹേളിച്ചു പ്രസ്താവന നടത്തിയ മനേക ഗാന്ധിക്കെതിരെ മുസ്ലിം ലീഗ് വക്കീൽ നോട്ടീസ് അയച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് പാർട്ടിയുടെ അഭിഭാഷക സംഘടനയായ ലോയേഴ്സ് ഫോറം മുഖേനയാണ് വക്കീൽ നോട്ടീസയച്ചത്. പരാമർശം പിൻവലിച്ച് മലപ്പുറത്തെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം ഉചിതമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
നേരത്തെ ഈ പ്രസ്താവനയോട് പ്രതികരിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തെറ്റിദ്ധാരണയുടെ ഭാഗമായി പറഞ്ഞതാണെങ്കില്‍ മനേകാ ഗാന്ധി തിരുത്തുമായിരുന്നു എന്നും തിരുത്താന്‍ തയാറാകാതിരിക്കുന്നത് ബോധപൂര്‍വ്വം പറഞ്ഞതാണ് എന്നാണ് കാണിക്കുന്നതെന്നും ട്വീറ്റ് ചെയ്തിരുന്നു.