04 June, 2020 10:23:24 PM


വാല്യൂവേഷൻ ക്യാമ്പിൽ അധ്യാപിക തലചുറ്റിവീണു; തിരിഞ്ഞുനോക്കാതെ സഹപ്രവര്‍ത്തകര്‍



കോട്ടയം: രണ്ട് മാസം ക്വാറന്‍റയിനിൽ കഴിഞ്ഞ അധ്യാപിക പരീക്ഷാ വാല്യൂവേഷൻ ക്യാമ്പിൽ തല കറങ്ങിവീണു. തിരിഞ്ഞ് നോക്കാതെ സഹ അധ്യാപകർ. അവശനിലയിലായ അധ്യാപികയ്ക്ക് ആതുരസേവനം ലഭിച്ചത് ഒരു മണിക്കൂറിനുശേഷം. വ്യാഴാഴ്ച  ഉച്ചയോടെ ഏറ്റുമാനൂർ വെട്ടിമുകൾ സെന്‍റ് പോൾസ് സ്കൂളിലെ പരീക്ഷ വാല്യൂവേഷൻ ക്യാമ്പിലാണ് മാഞ്ഞൂർ സ്വദേശിയായ  അധ്യാപിക തല കറങ്ങി വീണത്.


രണ്ട് മാസങ്ങൾക്ക് മുൻപ് കാനഡിയിൽ നിന്നും എത്തിയ അധ്യാപിക ഹോം ക്വാറന്‍റയിന് ശേഷം ഇന്ന് മുതലാണ്  ക്യാമ്പിൽ പങ്കെടുക്കാനെത്തിയത്. എന്നാൽ അലർജി മൂലം ശരിരത്തിൽ ചൊറിച്ചിൽ ഉണ്ടാവുകയും പിന്നിട് തലകറങ്ങി വീഴുകയുമായിരുന്നു. എന്നാൽ കോവിഡ് ഭീതി മൂലം ഇവരെ സഹായിക്കാനോ വേണ്ട പരിചരണം നൽകാനോ സ്കൂളില്‍ കൂടെ ഉണ്ടായിരുന്ന അധ്യാപകരോ ജീവനക്കാരോ തയ്യാറായില്ല.


ഏറെ സമയത്തിനുശേഷം അധ്യാപകർ തന്നെ ഏറ്റുമാനൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വിവരമറിയിച്ചു. തുടർന്ന് അസിസ്റ്റന്‍റ് മെഡിക്കൽ ഓഫീസർ ഡോ.സജിത് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി പ്രാഥമിക ശുശ്രൂഷ നൽകി. വിവരമറിഞ്ഞ് എത്തിയ അധ്യാപികയുടെ ഭർത്താവ് ഇവരെ മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിതവിഭാഗത്തില്‍ എത്തിച്ചു. പരിശോധനയില്‍ ഇവർക്ക് കോവിഡ് സംബന്ധമായ ലക്ഷണങ്ങള്‍ ഒന്നും കണ്ടില്ല. വൈകുന്നേരത്തോടെ ഇവര്‍ ആശുപത്രി വിടുകയും ചെയ്തു.


ചൊറിച്ചിലും തലകറക്കവും ഉണ്ടായത് കോവിഡിന്‍റെ ലക്ഷണങ്ങള്‍ അല്ലെന്നും പൊടി മൂലം  ഉണ്ടായ അലർജിയാണെന്നും ഡോ. സജിത് കുമാർ പറഞ്ഞു. ക്യാമ്പിൽ 200 റോളം പേരുണ്ടായിരുന്ന ക്യാമ്പിലാണ് അധ്യാപിക ആരും തിരിഞ്ഞുനോക്കാനില്ലാതെ ഒരു മണിക്കൂറോളം അവശനിലയില്‍ കിടന്നത്. സംഭവത്തെ തുടര്‍ന്ന് വാല്യുവേഷന്‍ ക്യാമ്പ് താത്ക്കാലികമായി അടച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K