03 June, 2020 09:31:05 PM
90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രമില്ല; പ്രളയ ഫണ്ട് തട്ടിപ്പിൽ സിപിഎം നേതാവ് ഉൾപ്പെടെ മൂന്നു പേർക്ക് ജാമ്യം
കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പിൽ റിമാൻഡിലായിരുന്ന മൂന്ന് പ്രതികൾക്കും ജാമ്യം. ഒന്നാം പ്രതി വിഷ്ണു പ്രസാദ്, രണ്ടാം പ്രതി മഹേഷ്, ആറാം പ്രതിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന നിതിൻഎന്നിവർക്കാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്തത് ചൂണ്ടിക്കാട്ടിയാണ് പ്രതികൾക്ക് ജാമ്യം നൽകിയത്.
മൂന്നാം പ്രതി അൻവർ, നാലാം പ്രതിയും അൻവറിന്റെ ഭാര്യയുമായ കൗലത്, അഞ്ചാം പ്രതി നീതു (രണ്ടാം പ്രതി മഹേഷിന്‍റെ ഭാര്യ) എന്നിവർ ഇപ്പോഴും ഒളിവിലാണ്. ഇതിൽ കൗലത് സിപിഎം നേതൃത്വം ഭരണ നൽകുന്ന അയ്യനാട് സഹകരണ ബാങ്കിലെ ഭരണ സമിതി അംഗമാണ്. ഈ ബാങ്കിലെ അക്കൗണ്ടും തട്ടിപ്പിനായി ഉപയോഗിച്ചിരുന്നു. ഏഴാം പ്രതി ഷിൻറ് മാർട്ടിന് (ആറാം പ്രതി നിതിന്റെ ഭാര്യ )നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം തട്ടിപ്പുമായി ബന്ധപ്പെട്ട പുതിയ പരാതിയിൽ ക്രൈം ബ്രാഞ്ച് കേസെടുത്തു. 73 ലക്ഷം രൂപ ഫണ്ടിൽ നിന്നും തിരിമറി നടത്തിയെന്ന എ ഡി എമ്മിന്‍റെ പരാതിയിലാണ് പുതിയ കേസ്. വിവാദമായ പ്രളയ ദുരിതാശ്വാസ തട്ടിപ്പിൽ നഷ്ടമായത് 1,00,86,600 രൂപയെന്നാണ് കണ്ടെത്തൽ. കളക്ട്രേറ്റിലെ ആഭ്യന്തര പരിശോധനയിലാണ് പുതിയ തട്ടിപ്പ് കണ്ടെത്തിയത്. ആദ്യ കേസിൽ അന്വേഷണം പുരോഗമിക്കെയാണ് പുതിയ കേസ്. 27 ലക്ഷം രൂപ മാത്രമാണ് പ്രതികൾ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ കടത്തിയത്. ബാക്കി തുക കളക്ട്രേറ്റിലെ സെക്ഷനിൽ നിന്നും നേരിട്ട് പണമായി തട്ടിയെടുക്കുകയായിരുന്നു.
70 ലക്ഷത്തിലധികം രൂപയുടെ വ്യാജ രസീതുകൾ വഴിയാണ് തുക തട്ടിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. ഒന്നാം പ്രതിയായ കളക്ട്രേറ്റ് ജീവനക്കാരൻ വിഷ്ണു പ്രസാദ് പണം തട്ടാൻ വേണ്ടി ഉണ്ടാക്കിയ 287 വ്യാജ രസീതുകൾ കളക്ട്രേറ്റിൽ നടന്ന പരിശോധനയിൽ കണ്ടെടുത്തിരുന്നു. കേരള ഫിനാൻഷ്യൽ കോഡിലെയും കേരള ട്രഷറി കോഡിലെയും വ്യവസ്ഥകളൊന്നും കളക്ടറേറ്റ് ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്തപ്പോൾ പാലിച്ചില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി.
മാസ്റ്റർ ഡേറ്റ രജിസ്റ്റർ, അലോട്ട്മെൻറ് രജിസ്റ്റർ, ചെക്ക് ബുക്ക് സ്റ്റോക്ക് രജിസ്റ്റർ, ക്യാഷ് രജിസ്റ്റർ, സെക്യൂരിറ്റി രജിസ്റ്റർ, ചെക്ക് ഇഷ്യു രജിസ്റ്റർ ഇവയൊന്നും കളക്ടറേറ്റിലെ ദുരിതാശ്വാസ വിഭാഗത്തിൽ അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല. ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി ലഭിച്ച തുകയും മറ്റു വിവരങ്ങളും രേഖപ്പെടുത്തിയ ഫയലുകളും അപ്രത്യക്ഷമായി. നേരിട്ടു സ്വീകരിച്ച പല തുകയും മേലുദ്യോഗസ്ഥർ അറിഞ്ഞിട്ടില്ലെന്നും വ്യക്തമായി. ഇവയ്ക്ക് വ്യാജ രസീതാണ് നല്കിയത്. ഇതിലാണ് കളക്ട്രേറ്റിലെ ജൂനിയർ സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥർ വരെ ഒപ്പുവെച്ചത്. നോട്ടീസ് ലഭിച്ച ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിച്ച ശേഷം കളക്ടർ റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കും.
പ്രളയ തട്ടിപ്പ് വിവാദത്തിന്‍റെ മുഖ്യ സൂത്രധാരൻ കളക്ട്രേറ്റ് ജീവനക്കാരനായ വിഷ്ണുപ്രസാദ് ആണെങ്കിലും തൃക്കാക്കരയിലെ പ്രാദേശിക സി പി എം നേതാക്കൾ കേസിൽ പ്രതികളാണ്. സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗങ്ങളായിരുന്ന അൻവർ, ഭാര്യ കൗലത്, എൻ എൻ നിതിൻ, നിതിന്‍റെ ഭാര്യ ഷിന്‍റു എന്നിവർ കേസിൽ പ്രധാന പ്രതികളാണ്. ഇവരെ പിന്നീട് സിപിഎമ്മിൽനിന്ന് പുറത്താക്കി. പാർട്ടി നിയന്ത്രിക്കുന്ന അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടർ ബോർഡംഗം വരെ കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.