03 June, 2020 02:40:59 PM


ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം: മുന്നണി ബന്ധം ഇളകിയാലും വിട്ടുവീഴ്ച ഇല്ലെന്ന് ജോസ് വിഭാഗം




കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വിട്ടുകൊടുത്തുകൊണ്ട് വിട്ടുവീഴ്ച വേണ്ടന്ന് ജോസ് കെ.മാണി വിഭാഗം. ജോസഫ് - ജോസ് തർക്കം പരിഹരിക്കാൻ പ്രസിഡന്റ് സ്ഥാനം ജോസഫ് പക്ഷത്തിന് വിട്ടുകൊടുക്കണമെന്ന് ഇന്നലെ ചേർന്ന യു.ഡി.എഫ്. യോഗം ജോസ് കെ.മാണിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഇന്നു രാവിലെ പാലായിൽ കെ.എം.മാണിയുടെ വസതിയിൽ ചേർന്ന ഉന്നത നേതാക്കളുടെ യോഗമാണ് മുന്നണി ബന്ധം ഇളകിയാൽ പോലും പ്രസിഡൻറ് സ്ഥാനത്ത് വിട്ടുവീഴ്ച വേണ്ടെന്ന് തീരുമാനിച്ചത്.


പാർട്ടിയുടെ അടിത്തറ സ്ഥിതി ചെയ്യുന്ന കോട്ടയത്ത് ജോസഫിന് വഴങ്ങിയാൽ അത് നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന് യോഗം വിലയിരുത്തി. സാഹചര്യങ്ങൾ മനസിലാക്കി ജോസ് കെ.മാണി വിഭാഗത്തിന്റെ നിലപാടിന് പിന്തുണ നൽകാൻ കോൺഗ്രസ് നേത്യത്വത്തോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. ഇതോടെ കോൺഗ്രസ് നേതൃത്വം കൂടുതൽ പ്രതിസന്ധിയിലായി. ഇതിനിടെ നാളെ ചേരുന്ന കെ.പി.സി.സി. രാഷ്ടീയകാര്യ സമിതി യോഗം കേരള കോൺഗ്രസ് വിഷയം ചർച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.


കേരള കോണ്‍ഗ്രസ് (എം) ലെ ജോസഫ് - ജോസ് വിഭാഗങ്ങള്‍ തമ്മില്‍ തദ്ദേശസ്ഥാപനങ്ങളിലെ അധികാരകൈമാറ്റത്തെ ചൊല്ലി കൊവിഡ് കാലത്തും തമ്മിലടി തുടങ്ങിയത് യു.ഡി.എഫിന് വലിയ തലവേദനയാണ്. കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നടക്കില്ലെന്ന് ഉറപ്പായതോടെ യു.ഡി.എഫിന് ഒഴിഞ്ഞു പോയ തലവേദനയാണ് തദ്ദേശസ്ഥാപനങ്ങളെ ചൊല്ലി വീണ്ടും ഉയര്‍ന്നത്. മുന്നണി ധാരണ അനുസരിച്ചുള്ള ധാരണ ജോസ് വിഭാഗം പാലിക്കാത്തതിനാല്‍ കോട്ടയം ജില്ല പഞ്ചായത്ത് യോഗത്തിലും ഇനി വരുന്ന ജില്ല യു.ഡി.എഫ് യോഗങ്ങളിലും പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ജോസഫ് വിഭാഗം ജില്ല പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പില്‍ യു.ഡി.എഫ് നേതൃത്വത്തിന് കത്തു നല്‍കി.


യു.ഡി.എഫിലെ ധാരണ അനുസരിച്ച് കഴിഞ്ഞ മാര്‍ച്ച് 24 വരെയായിരുന്നു് ജോസ് വിഭാഗക്കാരനായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്‍റെ കാലാവധി. എന്നാല്‍, ഇത്തരമൊരു ധാരണയില്ലെന്ന വാദം ഉയര്‍ത്തി ജോസ് വിഭാഗം അധികാരം കൈമാറാന്‍ തയ്യാറായിട്ടില്ല. ജില്ല പഞ്ചായത്ത് അധ്യക്ഷ സ്ഥാനം സംബന്ധിച്ചു മുന്നണിക്കുള്ളില്‍ അത്തരത്തില്‍ ഒരു ധാരണയും ഇല്ലെന്നാണ് ജോസ് വിഭാഗം വാദിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K