01 June, 2020 05:39:53 PM


നാളെ മുതല്‍ ക്ലബുകളിലൂടെയും മദ്യവിതരണം: അംഗങ്ങള്‍ക്കു മാത്രം പാഴ്സല്‍



തിരുവനന്തപുരം: ബാറുകള്‍ക്കു പിന്നാലേ സംസ്ഥാനത്ത് ക്ലബുകളിലും മദ്യവിതരണത്തിന് അനുമതി. ബാറുകളുടെ മാതൃകയില്‍ ക്ലബുകളിലും പാഴ്‌സലായി മാത്രമേ മദ്യം നല്‍കാന്‍ അനുവാദമുള്ളൂ. ക്ലബുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നേരത്തേ അനുമതി നല്‍കിയിരുന്നെങ്കിലും മദ്യം പാഴ്‌സലായി നല്‍കാന്‍ അബ്കാരി ചട്ടം അനുവദിക്കുമായിരുന്നില്ല. നിയമപരമായ തടസം ഒഴിവാക്കാൻ അബ്കാരി ചട്ടത്തില്‍ ഭേദഗതി വരുത്തി മെയ് 29ന് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. വിദേശ മദ്യ ചട്ടത്തിലെ 134(എ) യിലാണ് ഭേദഗതി വരുത്തിയത്.  അതിനു ശേഷമാണ് പുതിയ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.


ഉത്തരവനുസരിച്ച് അംഗങ്ങള്‍ക്കു മാത്രമേ ക്ലബുകളില്‍ നിന്നും മദ്യം നല്‍കാന്‍ പാടുള്ളൂ. ക്ലബില്‍ ഇരുന്നുള്ള മദ്യപാനം അനുവദിക്കില്ല. നിയമാനുസൃതം കൈവശം വയ്ക്കാവുന്ന മൂന്നു ലിറ്റര്‍ മദ്യം മാത്രമേ പാഴ്‌സലായി നല്‍കാന്‍ പാടുള്ളൂവെന്നും ഉത്തരവിൽ നിര്‍ദേശിക്കുന്നു. ക്ലബുകളില്‍ നിന്ന് മദ്യം പാഴ്‌സലായി നല്‍കുമ്പോള്‍ എംആര്‍പി നിരക്ക് മാത്രമേ ഈടാക്കാനാകൂ. ഒരു സമയം അഞ്ചില്‍ കൂടുതല്‍ അംഗങ്ങള്‍ മദ്യം വാങ്ങാന്‍ എത്തുന്നില്ലെന്ന് ക്ലബ് ഭാരവാഹികള്‍ ഉറപ്പുവരുത്തണം. ഇതിനായി അംഗങ്ങള്‍ക്ക് ഫോണ്‍ വഴി മുന്‍കൂട്ടി സമയം നിശ്ചയിച്ചു നല്‍കണം. ഇത്തരത്തില്‍ സമയം അനുവദിച്ചു കിട്ടുന്നവര്‍മാത്രമേ മദ്യം വാങ്ങാനെത്താവൂ. 


രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് മദ്യ വിതരണത്തിനായി ക്ലബുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഇതിനായി പ്രത്യേക കൗണ്ടറുകളും തയാറാക്കണം. മദ്യ ലൈസൻസുള്ള 42 ക്ലബ്ബുകളാണ് സംസ്ഥാനത്തുള്ളത്. ഉത്തരവിറങ്ങിയതിനാല്‍ നാളെ മുതല്‍ സംസ്ഥാനത്തെ ക്ലബുകള്‍ തുറന്നു പ്രവര്‍ത്തിക്കും. ഇതോടെ ബാറുകളിലേയും ബിവറേജസ് ഔട്ട്‌ലെറ്റുകളിലേയും തിരക്ക് ഇനിയും കുറയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K