31 May, 2020 07:28:13 PM


മദ്യലഹരിയില്‍ മലദ്വാരത്തില്‍ കുത്തിക്കയറ്റിയ മദ്യക്കുപ്പിയുമായി യുവാവ് നടന്നത് രണ്ട് ദിവസം



ചെന്നൈ: മദ്യലഹരിയിൽ മദ്യക്കുപ്പി സ്വന്തം മലദ്വാരത്തിൽ കുത്തിക്കയറ്റിയ യുവാവ് വിവരം പുറത്തുപറയാതെ മലാശയത്തിൽ കുപ്പിയുമായി കഴിഞ്ഞത് രണ്ടു ദിവസം. വേദനയും അസ്വസ്ഥതയും സഹിക്കാൻ സാധിക്കാതെ വന്നതോടെ ചികിത്സ തേടിയ യുവാവിന്‍റെ മലായത്തില്‍നിന്നും രണ്ട് മണിക്കൂർ നീണ്ട അടിയന്തര ശസ്ത്രക്രിയയിലൂടെ കുപ്പി പുറത്തെടുത്തു. നാഗപട്ടണം ജില്ലയിലെ നാഗൂറിലുള്ള യുവാവാണ് കഥയിലെ താരം.


നാഗപട്ടണം സർക്കാർ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കുപ്പി പുറത്തെടുത്തത്. നിരീക്ഷണത്തിൽ കഴിയുന്ന യുവാവ് സുഖംപ്രാപിച്ച് വരുന്നതായി ഡോക്ടർമാർ അറിയിച്ചു. മൂന്ന് ദിവസം മുമ്പാണ് മലദ്വാരത്തിൽ അസഹനീയ വേദനയുമായി 29-കാരൻ നഗപട്ടണം ആശുപത്രിയിൽ ചികിത്സ തേടിയത്. മദ്യലഹരിയിൽ 250 മില്ലീലിറ്റർ മദ്യക്കുപ്പി താൻതന്നെ മലദ്വാരത്തിൽ കുത്തിക്കയറ്റിയെന്ന് ഇയാൾ ഡോക്ടർമാരെ അറിയിച്ചു.


അസ്വസ്ഥതയുണ്ടായിട്ടും ഇതേക്കുറിച്ച് ആദ്യം ആരോടും പറയാൻ തയ്യാറായിരുന്നില്ല. എന്നാൽ സ്ഥിതി വഷളായതോടെയാണ് വീട്ടുകാരെ വിവരം അറിയിച്ചതെന്ന് ഇയാൾ പറഞ്ഞു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മലാശയത്തിൽ കുപ്പി കണ്ടെത്തിയതോടെ അടിയന്തരമായി ശസ്ത്രക്രിയ നടത്തുകയായിരുന്നു. കോവിഡ് ടെസ്റ്റ് നടത്തിയതിനുശേഷമാണ് നിലവിൽ ശസ്ത്രക്രിയകൾ നടത്തുന്നതെങ്കിലും ഇയാളുടെ കാര്യത്തിൽ ഇതിന് ശ്രമിക്കാതെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു.


കുപ്പി പൊട്ടിയാൽ ജീവൻ അപകടത്തിലാകുമെന്നതിനാൽ സമയം വൈകിപ്പിക്കാതെ ശസ്ത്രക്രിയ ചെയ്യുകയായിരുന്നെന്ന് ആശുപത്രിയിലെ ജനറൽ സർജൻ ഡോ. എസ്. പാണ്ഡ്യരാജ് മാധ്യമങ്ങളോട് പറഞ്ഞു. കുപ്പി പൂർണമായും പുറത്തെടുത്തതിനാൽ അപകടനില തരണം ചെയ്തെങ്കിലും കുറച്ചുദിവസംകൂടി നിരീക്ഷണം വേണ്ടിവരുമെന്ന് ഡോക്ടര്‍ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ നിർത്തിവെച്ചിരുന്ന മദ്യവിൽപ്പന മേയ് 14-നാണ് പുനരാരംഭിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K