29 May, 2020 03:16:20 PM
'ആപ്പി'ലായ ആപ്പ് തത്ക്കാലം തുടരും; പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിനുള്ള ബവ് ക്യു ആപ്പ് തത്ക്കാലം തുടരും. സാങ്കേതിക പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുവാന്‍ സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം. എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ആപ് നിർമാതാക്കൾക്കു സ്റ്റാർട്ടപ്പ് കമ്പനിയാണെന്ന പരിഗണനയാണ് നൽകിയതെന്നാണ് വിശദീകരണം. തുടർക്രമീകരണങ്ങൾ ബവ്‌കോ എംഡി അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. ബവ്ക്യൂ ആപ്പിന്‍റെ പ്രവർത്തനങ്ങൾ പൂർണമായും താറുമാറായതിനു പിന്നാലെയാണ് മന്ത്രി യോഗം വിളിച്ചത്.
ആപ്പിന്റെ പ്രവർത്തനത്തിൽ തുടർച്ചയായി പിഴവു വരുന്നതിൽ ബവ്കോ അധികൃതർ അതൃപ്തി അറിയിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ ഗ്രൂപ്പില്‍ ഇത് ചര്‍ച്ചയായിരുന്നു. ആപ്പ് വഴി ബുക്കിംഗ് തടസപെട്ടതിനെതുടര്‍ന്ന് ഫെയര്‍കോഡ് കമ്പനിയുടെ ഫേസ്ബുക്ക് പേജില്‍ വിമര്‍ശനങ്ങളുമായി ആയിരങ്ങളെത്തി. സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശനങ്ങള്‍ ഏറിയതോടെ കമ്പനി അവരുടെ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ നിന്നും പിന്‍വലിച്ചിരുന്നു.
ഉപഭോക്താക്കളുടെ ഇ–ടോക്കണ്‍ പരിശോധിക്കാൻ ബവ്കോ ഉദ്യോഗസ്ഥർക്ക് നൽകിയ ആപ്പിനും നിലവാരമില്ലെന്ന് ആക്ഷേപമുണ്ട്. പല ഷോപ്പുകളിലും ആപ് പ്രവർത്തിക്കാത്തതിനാൽ ഇ–ടോക്കൺ റജിസ്റ്ററിൽ രേഖപ്പെടുത്തി മദ്യം നൽകുകയാണ്. സോഫ്റ്റ്‌വെയറിലെ തകരാറുകളാണ് ഒടിപി ലഭിക്കാൻ വൈകുന്നതിനു കാരണം. പലർക്കും 5 മിനിട്ടു വരെ സമയം എടുത്താണ് ഒടിപി ലഭിക്കുന്നത്. ഒടിപി ലഭിക്കാനുള്ള താമസവും റജിസ്ട്രേഷനിൽ തടസം നേരിടുന്നതും മൊബൈൽ കമ്പനികളുടെ തലയില്‍ കെട്ടിവെക്കാനും നീക്കം നടന്നിരുന്നു.