29 May, 2020 01:43:18 PM
ആപ്പ് പൊളിഞ്ഞു: മദ്യവിതരണം തകരാറിലായി; ബാറുകള്‍ വിതരണം നിര്‍ത്തി
കോട്ടയം: മദ്യവിതരണത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബെവ് ക്യു ആപ്പ് വഴി മദ്യവിതരണം നിലച്ചു. ആപ്പിന്‍റെ തകരാറുകള്‍ പരിഹരിക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞിരുന്നുവെങ്കിലും ആപ്പ് ഉപയോഗിച്ച് ബുക്കിംഗ് വിചാരിച്ചതുപോലെ നടക്കുന്നില്ല. ആപ്പിന്റെ പ്രവർത്തനം നിലച്ചതോടെ പലർക്കും ഇന്ന് മദ്യം ബുക്ക് ചെയ്യാനായില്ല. അതുകൊണ്ട് തന്നെ മദ്യഷാപ്പുകളില്‍ തിരക്ക് കുറവുമായിരുന്നു. പ്രതിസന്ധി മറികടക്കാൻ
കൂടുതൽ ഒ ടി പി സേവനദാതാക്കളെ കമ്പനി ഉൾപ്പെടുത്തിയെങ്കിലും പ്രവർത്തനം പൂർണ സാജ്ജ്‌മായില്ല.
ആപ്പ് വഴി ബുക്ക് ചെയ്തുവരുന്ന ആളുകള്‍ക്ക് കൃത്യമായി ബുക്കിംഗ് പരിശോധിച്ച് മദ്യം നല്‍കാന്‍ സാങ്കേതികതകരാറുകള്‍ മൂലം സാധിക്കാതെയും വരുന്നുണ്ട്. ഇത് കൂടുതലും ബാറുകളിലാണ് സംഭവിക്കുന്നത്. സാങ്കേതികതകരാര്‍ മൂലം വിതരണം തടസപ്പെടുമെന്ന അവസ്ഥയില്‍ ആപ്പില്‍ ബുക്ക് ചെയ്ത് ടോക്കന്‍ ലഭിച്ചര്‍ക്ക് മദ്യം കൊടുക്കാന്‍ ബാറുകള്‍ തയ്യാറായത് പുലിവാലുമായി. ബാറുകളില്‍ ആപ്പിലൂടെയല്ലാതെ വിതരണം ചെയ്യുന്നു എന്ന ആരോപണവുമായി ചില മാധ്യമങ്ങള്‍ രംഗത്തെത്തി. ഇതോടെ പല ബാറുകളും വിതരണം നിര്‍ത്തി. ആപ്പിന്‍റെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടായിട്ടേ ഇനി മദ്യവിതരണം നടത്തു എന്നാണ് ബാറുകളുടെ നിലപാട്.
ഒരാള്‍ക്ക് പരമാവധി മൂന്ന് ലിറ്റര്‍ മദ്യമാണ് ഒരു തവണ ലഭിക്കുക. ഇത്രയും മദ്യം ആവശ്യമില്ലാത്തവര്‍ ബാക്കി ആപ്പ് വഴി ബുക്ക് ചെയ്യാനാവാത്തവര്‍ക്ക് നല്‍കിവരുന്നുണ്ട്. നാല് പേര്‍ക്ക് ഓരോ കുപ്പി വീതം എന്ന നിലയില്‍ മൂന്ന് ലിറ്ററും ഒരാളുടെ പേരില്‍ മേടിച്ച് പങ്കിട്ടെടുക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയും നടക്കുന്നുണ്ടായിരുന്നു. ഇതും ബാറുകളിലെ അനധികൃതവില്‍പ്പനയായി ആരോപിക്കപ്പെട്ടു. താമസസ്ഥലത്ത് ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും ഉണ്ടെങ്കിലും ആപ്പ് വഴി ബുക്ക് ചെയ്ത നല്ലൊരു ശതമാനം ആളുകള്‍ക്കും കിലോമീറ്ററുകള്‍ അപ്പുറത്തുള്ള മദ്യശാലകളില്‍ നിന്ന് വാങ്ങാനാണ് അനുമതി ലഭിച്ചത്. ഇതോടെ മദ്യം വാങ്ങാന്‍ പോകാത്തവരുടെ എണ്ണവും വര്‍ദ്ധിച്ചു.
രാവിലെ ആറ് മുതല്‍ പത്ത് വരെ ആപ്പിലൂടെ ബുക്ക് ചെയ്യാമെന്നായിരുന്നു അറിയിപ്പ് എങ്കിലും ആദ്യദിിനത്തില്‍ തന്നെ ഉച്ചയോടെ ബുക്കിംഗ് നിര്‍ത്തി. മദ്യം ബുക്ക് ചെയ്യുന്നതിനായി ഇന്ന് ആപ്പ് ഓപ്പൺ ചെയ്‌തവർക്ക് അതിന് കഴിഞ്ഞില്ല. രാവിലെ 6 മണി മുതൽ രാത്രി 10 വരെ മദ്യം ബുക്ക് ചെയ്യാൻ അവസരം ഉണ്ടെന്നു പറഞ്ഞിലും ആപ്പ് സജ്ജം ആകാത്തിനാൽ സമയം തന്നെ മാറ്റി. പുലർച്ചെ 3.45 മുതൽ 9 മണി വരെ എന്നാക്കി. പക്ഷെ രാവിലെ 8 മണിക്ക് ബുക്ക് ചെയ്യാൻ ശ്രമിച്ചവർക്കും അതിനു സാധിച്ചില്ല.
ആപ്പിലൂടെ ബുക്കിംഗ് ശരിയായി നടക്കാത്തതും ബാറുകള്‍ ഉള്‍പ്പെടെ മദ്യശാലകളില്‍ സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുന്നതുകൊണ്ടും ഇനിയെന്ത് എന്ന് തീരുമാനിക്കാനായി ഉച്ചകഴിഞ്ഞ് മന്ത്രിതല യോഗം നടക്കുകയാണ്. ആപ്പ് ഉപേക്ഷിക്കുമെന്ന വിശ്വാസത്തിലാണ് മദ്യഷാപ്പുകളിലെ ജീവനക്കാരും ബാറുടമകളും. ലോക്ഡൗണിന്‍റെ ഭാഗമായി മദ്യവിതരണം നിലയ്ക്കും മുമ്പ് സാമൂഹിക അകലം പാലിച്ചുകൊണ്ടായിരുന്നു മദ്യം വിറ്റിരുന്നത്. അതുപോലെ തന്നെ തുടരുന്നതില്‍ എന്താണ് കുഴപ്പമെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.