28 May, 2020 11:15:14 AM
'ഓടിപി ചതിച്ചാശാനേ!' ; ആദ്യദിനം മദ്യഷാപ്പുകളിലും പ്രശ്നങ്ങള്‍ ഏറെ
കോട്ടയം: 'കോട്ടയം കുഞ്ഞച്ചന്‍' എന്ന മമ്മൂട്ടി ചിത്രത്തിലെ ഒരു ഡയലോഗാണ് ഇപ്പോള്‍ മലയാളികള്‍ ഓര്‍ക്കുന്നത്. ഡ്രൈവിംഗ് സ്കൂള്‍ ഉദ്ഘാടനത്തിന് 'മോഹന്‍ലാല്‍ വരുമോ വരുമോ' എന്ന ചോദ്യവുമായി ആകാംക്ഷയോടെ കാത്തുനിന്ന നാട്ടുകാരോട് അവസാനനിമിഷം 'മോഹന്‍ലാല്‍ ചതിച്ചാശാനേ' എന്ന് മമ്മൂട്ടി പറയുന്ന രംഗം. മോഹന്‍ലാലിനെ കാത്തുനിന്ന നാട്ടുകാര്‍ വിഢികളായതുപോലെ തന്നെയാണ് മദ്യപാനികളായ മലയാളികളുടെ ഇന്നത്തെ അവസ്ഥയും.
മോഹന്‍ലാലിന് പകരം ഇന്ന് മലയാളികളുടെ മുന്നിലെ സൂപ്പര്‍ താരമായി മാറിയിരിക്കുന്നത് മറ്റാരുമല്ല. ഓടിപി തന്നെ. ഇന്നലെ രാവിലെ മുതല്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന മലയാളികളുടെ മുന്നിലേക്ക് ബവ്കോയുടെ ആപ്പ് അവതരിച്ചത് രാത്രി ഏറെ വൈകി. അതും നേരിട്ടല്ല. വളഞ്ഞ വഴിയിലൂടെ തന്നെ. ലക്ഷങ്ങള്‍ ഇത് പ്രയോജനപ്പെടുത്തി മദ്യത്തിന് ബുക്കിംഗ് നടത്തുകയും ചെയ്തു. ഇതിനിടെയാണ് നായകന്‍ പെട്ടെന്ന് വില്ലനായത്.
അതിരാവിലെ ബുക്കിംഗ് നടത്താമെന്ന വിചാരത്തില്‍ കിടന്നുറങ്ങി നേരം വെലുക്കുമുമ്പ് അലാറം വെച്ച് എഴുന്നേറ്റവര്‍ ധാരാളം. ഇവരെ നിരാശയിലാഴ്ത്തുകയാണ് ആപ്പ് ചെയ്തത്. ഏറെ നേരം ശ്രമിച്ചിട്ടും പലവട്ടം നോക്കിയിട്ടും ബുക്കിംഗ് പൂര്‍ണ്ണമാകുന്നില്ല. ഓടിപി വരാത്തതുതന്നെ കാരണം. ഇതിനിടെ ഭാഗ്യശാലികളായ കുറെപേര്‍ക്ക് ബുക്കിംഗ് നടത്താനായി എങ്കിലും നല്ലൊരു ശതമാനം ആളുകള്‍ക്കും സ്വന്തം നാട്ടില്‍ അയല്‍പക്കത്തുള്ള കടയില്‍നിന്ന് മദ്യം വാങ്ങാന്‍ അവസരം കിട്ടിയില്ല. പിൻകോഡ് കൃത്യമായി മാപ്പ് ചെയ്യാത്തതാണത്രേ പ്രശ്നത്തിനിടയാക്കിയത്.
ഇതിനിടെ ഇ-ടോക്കന്‍ എടുത്തവര്‍ക്ക് മദ്യം നല്‍കാനുള്ള കടകളുടെ ആപ്പിലും ഓടിപി വില്ലനായി മാറി. വെർച്വൽ ക്യൂ ആപ്പിൽ ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കണിലെ ക്യൂ ആർ കോഡ് ഔട്ട്ലറ്റിലെ റജിസ്ട്രേഡ് മൊബൈലിലെ ആപ്പ് ഉപയോഗിച്ച് പരിശോധിക്കണമെന്നായിരുന്നു ബവ്കോ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം. എന്നാൽ, ഡൗൺലോഡ് ചെയ്തെങ്കിലും പല ഷോപ്പുകളിലും ഒടിപി ലഭിക്കാത്തതിനാൽ ആപ്പ് ഉപയോഗിക്കാനായില്ല. ഇതോടെ ഇ-ടോക്കന്റെ നമ്പർ എഴുതിയെടുത്തശേഷം മദ്യം വിതരണം ചെയ്യാന്‍ ബവ്കോ നിർദേശിക്കുകയായിരുന്നു. ആപ്പ് ഉപയോഗിച്ചുള്ള ഇന്നത്തെ ബുക്കിങ് അവസാനിച്ചതായി അധികൃതർ പറഞ്ഞു.
ഇതോടെ ആപ്പ് ഉണ്ടാക്കിയ കമ്പനിയുടെ ഫേസ്ബുക്ക് പേജില്‍ നാട്ടുകാര്‍ പൊങ്കാലയിട്ടുതുടങ്ങി. ട്രോളുകളുടെ പെരുമഴ മറ്റൊരു വഴിക്കും. ഇതിനിടെ മദ്യപാനികളല്ലാത്ത ഒട്ടേറെ പേര്‍ വെറുതെ പരീക്ഷണാടിസ്ഥാനത്തില്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് മദ്യം ബുക്ക് ചെയ്തിരുന്നു. പക്ഷെ മേടിക്കാനായിരുന്നില്ല. ഇതിനുപുറമെ കിലോമീറ്ററുകള്‍ താണ്ടി മദ്യം വാങ്ങാന്‍ ആളുകള്‍ തയ്യാറാകാതെ വന്നത് മൂലവും പല കടകളിലും ഇന്ന് രാവിലെ തിരക്ക് കുറവായിരുന്നു. ബവ്കോ ഷോപ്പിലെത്തുന്നവരെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിക്കുമെന്ന് അറിയിച്ചെങ്കിലും പലയിടത്തും സ്കാനർ ലഭിച്ചില്ല. പ്രശ്നങ്ങൾ ഇന്നത്തോടെ പരിഹരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.