27 May, 2020 09:42:23 PM
ആപ്പ് വീണ്ടും ചതിച്ചു; നാളെ രാവിലെ കേരളത്തില്‍ പരക്കെ അലാറങ്ങള്‍ മുഴങ്ങും
കൊച്ചി: സര്‍ക്കാര്‍ അറിയച്ചതുപോലെ മദ്യം ലഭിക്കുന്നതിനുള്ള ബെവ് ക്യു ആപ്പിനായി അക്ഷമരായി കാത്തിരുന്ന മലയാളികളെ വീണ്ടും ആപ്പ് ചതിച്ചു. പത്ത് മണിക്ക് മുമ്പ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ സജ്ജമാകുമെന്നായിരുന്നു അവസാനം അറയിപ്പ് വന്നത്. എന്നാല്‍ പത്ത് കഴിഞ്ഞിട്ടും ആപ്പ് കണ്ടില്ലെന്നു മാത്രമല്ല സാങ്കേതികതടസം നേരിട്ടതിനാല്‍ ഇനിയെപ്പോള്‍ എന്നു പറയാനാവില്ല എന്ന റിപ്പോര്‍ട്ടുകളാണ് ഉപഭോക്താക്കളെ തേടിയെത്തിയത്. 10 മണിക്കുശേഷം മദ്യം ബുക്ക് ചെയ്യാന്‍ പറ്റില്ലാ എന്ന സര്‍ക്കാര്‍ ഉത്തരവില്‍ ആദ്യദിവസം ഇളവ് നല്‍കിയിട്ടുണ്ട് എന്ന അറിയിപ്പും ഇതോടൊപ്പം ഉണ്ടായിരുന്നു.
ഇനിയും സജ്ജമാകാത്ത ആപ്പ് രാത്രിയില്‍ റഡിയാകുകയാണെങ്കില്‍ അതിരാവിലെ എഴുന്നേറ്റ് ബുക്കിംഗ് നടത്താനുള്ള തയ്യാറെടുപ്പുകളോടെയാണ് ഇന്ന് മലയാളികള്‍ ഉറങ്ങാന്‍ കിടന്നത്. രാവിലെ 6 മണി മുതല്‍ രാത്രി 10 വരെയേ ആപ്പിലൂടെ മദ്യം ബുക്ക് ചെയ്യാനാവു എന്നായിരുന്നു അറിയിപ്പ്. ഇതിലാണ് ഇളവ് വരുത്തി ആപ്പ് തയ്യാറാകുന്ന മുറക്ക് ബുക്കിംഗ് നടത്താം എന്ന് പറയുന്നത്. ഇതോടെ ഇന്ന് മദ്യം ബുക്ക് ചെയ്യാന്‍ കാത്തിരുന്നവരെല്ലാം നിരാശരായി. ലോക്ഡൌണ്‍ ആഘോഷമാക്കി കിടന്നുറങ്ങുന്നവരുള്‍പ്പെടെ അതിരാവിലെ ഉണര്‍ന്ന് ബുക്കിംഗ് നടത്തണമെന്ന തീരുമാനത്തിലാണ് ഉറക്കത്തിലേക്ക് വീണത്. അതിനായി മൊബൈലിലും മറ്റും അലാറം സെറ്റ് ചെയ്തിരിക്കുകയാണ് നല്ലൊരു ശതമാനം ആളുകളും.
ആപ്പിന്‍റെ വ്യാജന്‍ ഇറങ്ങിയപ്പോള്‍ തന്നെ അമ്പതിനായിരത്തിലധികം പേര്‍ ഇത് ഡൌണ്‍ലോഡ് ചെയ്തിരുന്നു. ഇതിനെതിരെ പരാതി ഉയര്‍ന്നതോടെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ ലക്ഷകണക്കിന് ആളുകള്‍ എസ്എംഎസ് സന്ദേശങ്ങള്‍ വഴിയും ബുക്ക് ചെയ്തിരുന്നു. ഇതും അസാധുവായി. ആപ്പ് പ്രവര്‍ത്തനമാരംഭിച്ചശേഷം മാത്രമേ എസ്എംഎസ് വഴിയുള്ള ബുക്കിംഗ് സ്വീകരിക്കുകയുള്ളുവെന്നുമുള്ള അറിയിപ്പ് വന്നതോടെ ഈ വഴി ബുക്കിംഗ് നടത്താന്‍ കാത്തിരിക്കുന്നവരും ഏറെയാണ്. ആപ്പിന്‍റെ കാര്യത്തില്‍ ഇന്ന് താമസം നേരിട്ടാലും നാളെ മദ്യവിതരണത്തില്‍ തടസം സംഭവിക്കില്ല എന്നാണ് കമ്പനി പറയുന്നത്.