27 May, 2020 08:43:01 PM


'ബെവ് ക്യൂ ആപ്പിൽ അഴിമതി: എസ്.എം.എസിലൂടെ കമ്പനിക്ക് ഒരു വര്‍ഷം കിട്ടുന്നത് 6 കോടി' - ചെന്നിത്തല



തിരുവനന്തപുരം: മദ്യവിതരണത്തിനുള്ള ടോക്കൺ നൽകാൻ ബെവ്‌കോ ആരംഭിച്ച ആപ്പുമായി ബന്ധപ്പെട്ട അഴിമതി ആരോപണം വീണ്ടും ഉന്നയിച്ച്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ്.എം.എസ്‌ ബുക്കിംഗിലൂടെ ഫെയര്‍കോഡ് കമ്പനിക്ക് വര്‍ഷം ആറ് കോടി രൂപ ലഭിക്കും. എസ്എംഎസ് ചാര്‍ജ് വേണ്ടെന്ന്‌ പറഞ്ഞ കമ്പനിയെ ഒഴിവാക്കിയാണ് എസ്എംഎസിന് 12 പൈസ ചാര്‍ജ് ചെയ്ത കമ്പനിക്ക് 15 പൈസ നല്‍കി സര്‍ക്കാര്‍ തിരഞ്ഞെടുത്തത്.  ഇത് അഴിമതിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.


ടെലികോം കമ്പനിയുമായി ധാരണയുണ്ടാക്കിയാല്‍ എസ്എംഎസിന് വളരെ കുറഞ്ഞ നിരക്കില്‍ കരാറുണ്ടാക്കാന്‍ കമ്പനിക്ക് കഴിയുമായിരുന്നു. എസ്എംഎസിന് 15 പൈസ എന്ന ചാര്‍ജ് ആരാണ് തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ആരോപണങ്ങള്‍ക്കുള്ള എക്‌സൈസ്‌ മന്ത്രിയുടെ മറുപടി അര്‍ധസത്യം നിറഞ്ഞതാണ്. കൃത്രിമത്വം കാട്ടിയാണ്‌ സര്‍ക്കാര്‍ സിപിഎം അനുഭാവിക്ക് ടെന്‍ഡര്‍ നല്‍കിയതെന്നും ചെന്നിത്തല ആരോപിച്ചു.
50 പൈസയിലെ ബാക്കിവരുന്ന 35 പൈസയുടെ കാര്യത്തില്‍ സുതാര്യതയില്ല. കമ്പനിക്ക് നല്‍കുന്ന 2.84 ലക്ഷത്തിന് പുറമേ ആപ്പിന്‍റെ പരിപാലന ചെലവിന് എല്ലാവര്‍ഷവും രണ്ട് ലക്ഷം രൂപയും പരിശീലനത്തിനായി ആളൊന്നിന് 2000 രൂപയും ഫെയര്‍കോഡ് കമ്പനിക്ക് നല്‍കുന്നുണ്ട്. എന്നാല്‍ പരിപാലന ചെലവിന് പണം വേണ്ടെന്ന് പറഞ്ഞ കമ്പനികളും അപേക്ഷിച്ചിരുന്നു. അവരെ ഒഴിവാക്കിയാണ് ഈ കമ്പനിയെ സര്‍ക്കാര്‍ തെരഞ്ഞെടുത്തതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.


വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാറിനെതിരേ ആരോപണം ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ബ്രുവറി, ഡിസ്‌ലറി കേസില്‍ പോലും സര്‍ക്കാറിന് കണ്ടം വഴി ഓടേണ്ടി വന്നുവെന്ന് പറഞ്ഞ ചെന്നിത്തല ഈ വിഷയത്തില്‍ അന്വേഷണമില്ലെങ്കില്‍ പ്രതിപക്ഷം നിയമപരമായി നീങ്ങുമെന്നും വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K