27 May, 2020 04:23:35 PM
സംസ്ഥാനത്ത് മദ്യവിതരണം നാളെ മുതൽ; ബാറില്‍ പ്രത്യേക കൗണ്ടറിൽനിന്ന് മദ്യം വാങ്ങാം
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണം നാളെ മുതൽ പുനരാരംഭിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. രാവിലെ 9 മുതലാണ് മദ്യ വിതരണം ആരംഭിക്കുന്നത്. അതേസമയം ടോക്കണ്‍ ഇല്ലാത്തവര്‍ മദ്യം വാങ്ങാന്‍ എത്തരുതെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെയാണ് ആപ്പിലൂടെ ടോക്കൺ എടുക്കേണ്ടത്. മദ്യ വിതരണം രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ മാത്രമായിരിക്കും. ക്യൂവില്‍ ഒരു സമയം അഞ്ച് പേര്‍ മാത്രമായിരിക്കുമെന്നും മദ്യ വിതരണമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള എല്ലാ പ്രോട്ടോക്കോളുകളും അനുസരിക്കണം. ഔട്ട്‌ലെറ്റുകള്‍ക്ക് മുമ്പില്‍ കൈകഴുകുന്നതിനുള്ള സംവിധാനം ഒരുക്കും. ഒരാള്‍ക്ക് നാല് ദിവസത്തില്‍ ഒരിക്കല്‍ മാത്രമെ ടോക്കണെടുത്ത് മദ്യം വാങ്ങാൻ സാധിക്കൂവെന്നും മന്ത്രി വ്യക്തമാക്കി. 612 ബാർ ഹോട്ടലുകളിൽ 576 പേർ മദ്യം വിതരണം ചെയ്യാൻ അംഗീകാരം നേടി. ബാറിനകത്ത് ഇരുന്ന് കഴിക്കാൻ കഴിയില്ല. പ്രത്യേക കൗണ്ടറിൽനിന്ന് പാഴ്സൽ വാങ്ങാം.
360 ബിയർ വൈൻ ഷോപ്പുകളിൽ 291 പേർ വിൽപ്പന നടത്താൻ സന്നദ്ധരായി. ഇവിടെ വിദേശ മദ്യം വിൽക്കാൻ കഴിയില്ല. ആപ്പ് നിർമ്മാണ കമ്പനിക്ക് 50 പൈസ കൊടുക്കുന്നു എന്ന പ്രചാരണം ശരിയല്ലെന്നു മന്ത്രി പറഞ്ഞു. ഓരോ ടോക്കണും 50 പൈസ ബവ്റിജസ് കോർപറേഷനാണു ലഭിക്കുന്നത്. എസ്എംഎസ് ചെലവ് ഫെയർകോഡ് കമ്പനിയാണ് അടയ്ക്കേണ്ടത്. ചെലവാകുന്ന തുക ബവ്റിജസ് കോർപ്പറേഷൻ നൽകും.
29 കമ്പനികളാണ് അപേക്ഷിച്ചത്. അതിൽ 5 കമ്പനികൾ യോഗ്യരാണെന്നു വിദഗ്ധ സമിതി കണ്ടെത്തി. ടെക്നിക്കൽ ബിഡിലും ഫിനാൻഷ്യൽ ബിഡിലും യോഗ്യത തെളിയിച്ച ഫെയർകോഡ് കമ്പനിയെ ആപ്പ് വികസിപ്പിക്കാൻ തെരഞ്ഞെടുക്കുകയായിരുന്നു. ഏറ്റവും കുറഞ്ഞ തുകയായ 2,84,203 രൂപയാണ് അവർ ക്വോട്ട് ചെയ്തതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.