26 May, 2020 09:34:22 PM


മദ്യം വാങ്ങാന്‍ ബുധനാഴ്ച രാവിലെ ഔട്ട്‌ലെറ്റിലെത്താന്‍ ഉപഭോക്താക്കള്‍ക്ക് സന്ദേശം



തിരുവനന്തപുരം: മദ്യം വാങ്ങാന്‍ ബുധനാഴ്ച രാവിലെ ബെവ്കോ ഔട്ട്‌ലെറ്റുകളിൽ എത്താൻ നിര്‍ദ്ദേശിച്ച് ഉപഭോക്താക്കൾക്ക് എസ്എംഎസ് സന്ദേശം. എസ്എംഎസ് വഴി മദ്യം വാങ്ങാൻ ബുക്ക് ചെയ്തവർക്കാണ് എത്തേണ്ട ഔട്ട്‌ലെറ്റിന്‍റെ വിശദാംശങ്ങൾ അടക്കം എസ്എംഎസ് ആയി മറുപടി ലഭിച്ചത്. ബിവറേജസ് കോർപറേഷന്‍റെ ഭാഗത്തു നിന്നും ഔദ്യോഗികമായി സ്ഥിരീകരണം ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിൽ ലഭിച്ച മറുപടി യാഥാർഥ്യമാണോ എന്ന സംശയത്തിലാണ് ബുക്ക് ചെയ്ത ഉപഭോക്താക്കൾ.



സ്മാർ‌ട്ട്ഫോൺ ഉള്ളവർക്ക് ബെവ്ക്യൂ ആപ്പ് വഴിയും അല്ലാത്തവർക്ക് എസ്എംഎസ് വഴിയും മദ്യം വാങ്ങാനുള്ള ടോക്കൺ ബുക്ക് ചെയ്യാനുള്ള സംവിധാനമാണ് ബിവറേജസ് കോർപറേഷൻ ഒരുക്കിയിരിക്കുന്നത്. ആപ്പിന് ഗൂഗിൾ അനുമതി ലഭിച്ചെങ്കിലും ഇതുവരെ പ്ലേ സ്റ്റോറിൽ എത്തിയിട്ടില്ല. എന്നാൽ എസ്എംഎസ് വഴി അപേക്ഷിച്ചവർക്ക് ഉടനടി മറുപടി ലഭിക്കുന്നുണ്ട് താനും. ബിവറേജസ് കോർപറേഷൻ നൽകിയ നമ്പറിലേക്ക് എസ്എംഎസ് അയച്ചവർക്ക് VM-BEVCOQ എന്ന സെൻഡർ ഐഡിയിൽ നിന്ന് സമയം, ഔട്ട്‌ലെറ്റ് വിശദാംശങ്ങൾ, ക്യൂ നമ്പർ ഉൾപ്പടെ എസ്എംഎസ് ആയി തന്നെ മറുപടി ലഭിക്കുന്നുണ്ട്. പക്ഷേ സർ‌ക്കാരോ എക്സൈസ് വകുപ്പോ ബിവറേജസ് ‌കോർപറേഷനോ ഇത്തരത്തിൽ ഒരു തീരുമാനം  എടുത്തതായി ഒര‌ു പ്രഖ്യാപനവും നടത്താത്തതാണ് എല്ലാവരെയും കുഴയ്ക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K